സൗദിയില്‍ കായിക മത്സരങ്ങള്‍ക്ക് ഇനി സ്ത്രീകളും: വിലക്ക് നീക്കി

single-img
30 October 2017

റിയാദ്: സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാം. ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ 2018 മുതല്‍ മത്സരങ്ങള്‍ കാണാന്‍ സ്ത്രീകളുമെത്തും. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അലി അഷെയ്ക് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ആദ്യ ഘട്ടത്തില്‍ തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ സ്റ്റേഡിയത്തിലാകും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുക. റിയാദിലെ കിങ് ഫഹദ് സ്‌റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി, ദമാമ്മിലെ മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ പ്രവേശിപ്പിക്കാനുള്ള പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.

സൗദിയില്‍ സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ള വിമര്‍ശനം നേരത്തെ ശക്തമായിരുന്നു. വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കായിക രംഗത്തും വനിതാ സാന്നിധ്യം ഉറപ്പാക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്.