നവംബര്‍ എട്ട് ഇന്ത്യക്ക് ദുഃഖദിനമെന്ന് രാഹുല്‍ ഗാന്ധി: ‘നോട്ട്‌നിരോധനം ദുരന്തം’

single-img
30 October 2017

ന്യൂഡല്‍ഹി: നവംബര്‍ എട്ട് ഇന്ത്യക്ക് ദുഃഖദിനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്നേദിവസം കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കാന്‍ മാത്രമെന്താണുള്ളതെന്ന് മനസിലാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തൊഴിലാളി വര്‍ഗത്തിന്റെ വികാരങ്ങളെന്തെന്നു മനസിലാക്കാന്‍ പ്രധാനമന്ത്രിക്കു കഴിയുന്നില്ല.

പാവങ്ങള്‍ കടന്നുപോയ വേദനയെക്കുറിച്ചും അദ്ദേഹത്തിനു തിരിച്ചറിയാന്‍ കഴിയില്ല. സത്യം അംഗീകരിക്കാന്‍ ഇപ്പോഴും തയ്യാറല്ല. നോട്ട് അസാധുവാക്കല്‍ ദുരന്തമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ജിഎസ്ടി നല്ലൊരു പദ്ധതിയായിരുന്നു. എന്നാല്‍ ധൃതിയില്‍ നടപ്പാക്കി അതിന്റെ മൂല്യമില്ലാതാക്കിയെന്നും രാഹുല്‍ പറഞ്ഞു.

നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാനാണു കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. അന്നു നടത്തേണ്ട പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 രൂപ നോട്ടുകള്‍ നിരോധിച്ച് പ്രഖ്യാപനം നടത്തിയത്.