രാഹുലിന്റെ ‘പി ഡി’ ശരിക്കും ഏറ്റു; ശക്തമായി തിരിച്ചടിച്ച് ബിജെപി; പിഡിയെ കൊണ്ടുവരൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂവെന്ന് പരിഹാസം

single-img
30 October 2017

ന്യൂഡല്‍ഹി: തനിക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നത് വളര്‍ത്തു നായയാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ പരിഹസിച്ച് ബിജെപി. അക്ഷയ്കുമാറിന്റെ ചിത്രം ‘പാഡ്മാന്റെ’ പോസ്റ്റര്‍ അനുകരിച്ച് ‘പിഡിമാന്‍ മാസ്റ്ററേക്കാള്‍ മികച്ച നായയുടെ കഥ’ എന്ന ടാഗ് ലൈനോടെയുള്ള ചിത്രം പുറത്തുവിട്ടാണ് ബിജെപി രാഹുലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പിഡിയെ കൊണ്ടുവരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂവെന്ന് ബിജെപിയുടെ ഐടി വിഭാഗം തലവന്‍ അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. 2016ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ നിങ്ങള്‍ പിഡിക്കു ബിസ്‌കറ്റ് നല്‍കുകയായിരുന്നുവെന്നു ഞാന്‍ ഓര്‍ക്കുന്നുവെന്ന് അസം മന്ത്രി ഹിമാന്ത ബിസ്വ ശര്‍മയും പരിഹസിച്ചു.

ഞായറാഴ്ചയാണ് തന്റെ വളര്‍ത്തുനായയെ കളിപ്പിക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ള ട്വീറ്റ് രാഹുലിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. കുറച്ചുനാളായി ആളുകള്‍ എന്നോടു ചോദിക്കുന്നു. ആരാണു രാഹുലിനുവേണ്ടി ട്വീറ്റുകള്‍ തയാറാക്കുന്നതെന്ന്. അതു മറ്റാരുമല്ല, ഞാനാണ്, പിഡി.

ഒരു ട്വീറ്റ് കൊണ്ട് എനിക്കെന്തെല്ലാം ചെയ്യാമെന്നു നോക്കൂ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ എത്തിയത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രാഹുലിന്റെ പോസ്റ്റ് ശ്രദ്ധ നേടി. പിഡി എന്ന ഹാഷ്ടാഗ് വൈകാതെ ട്വിറ്ററില്‍ ട്രെന്‍ഡാവുകയും ചെയ്തു.

കഴിഞ്ഞ കുറച്ചുനാളുകളായി രാഹുലിന്റെ ട്വീറ്റുകള്‍ക്കു സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചിരുന്നു. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളുടെ ട്വീറ്റിനേക്കാള്‍ കൂടുതല്‍ പ്രചാരം രാഹുലിന് ലഭിച്ചതോടെ രാഹുലിനു വേണ്ടി മറ്റാരോ ആണു ട്വീറ്റുകള്‍ തയാറാക്കുന്നതെന്നും റീട്വീറ്റുകള്‍ റോബോട്ടുകളുടെ സൃഷ്ടിയാണെന്നുമുള്ള ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് രാഹുല്‍, തന്റെ വളര്‍ത്തുനായയുടെ വിഡിയോ പുറത്തുവിട്ടത്