വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയം പാടില്ലെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി; ‘ആളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്’

single-img
30 October 2017

വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയം പാടില്ലെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെപ്പറ്റി സജീവമായി ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയിലെ ഇ.കെ. നായനാര്‍ ചെയര്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം ആളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

ശാരീരിക പരിശീലനമെന്ന പേരിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനം നല്‍കുന്നതിനാണ് സിപിഎം നിയന്ത്രണത്തില്‍ പുതിയ കേന്ദ്രം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, ദുരൂഹ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധ പരിശീലന കേന്ദ്രത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദമാക്കിയില്ല. മറപിടിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ശാരീരിക പരിശീലനമെന്ന പേരിലാണ് സംസ്ഥാനത്ത് ആയുധ പരീശലനം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളില്‍ ചില സംഘടനകള്‍ പഠിപ്പിക്കുന്നത്. ദേശസ്‌നേഹം വളര്‍ത്താനെന്ന പേരില്‍ മനുഷ്യത്വം തന്നെ ഊറ്റിക്കളയുകയാണ് ഈ കേന്ദ്രങ്ങള്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പവിത്രമായ ആരാധനാലയങ്ങള്‍ വരെ ഇതിനായി ചില സംഘടനകള്‍ ഉപയോഗിക്കുന്നു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരേ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.