ചിദംബരത്തിന് പിന്തുണയുമായി ഒമര്‍ അബ്ദുള്ള; ‘സ്വയംഭരണത്തിന് വേണ്ടി വാദിക്കുന്നവര്‍ ദേശദ്രോഹികളാണെങ്കില്‍ ഞാന്‍ ദേശദ്രോഹിയാണ്’

single-img
30 October 2017

ശ്രീനഗര്‍: ജമ്മു കശ്മീരിന് ഭരണഘടന വിഭാവനം ചെയ്ത സ്വയംഭരണാധികാരം ദേശ വിരുദ്ധതയാണെങ്കില്‍ ഞങ്ങളും ദേശവിരുദ്ധരാണെന്ന് അഭിമാനത്തോടെ പറയുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. കാശ്മീരികള്‍ കൂടുതലും ആസാദി മുദ്രാവാക്യമുയര്‍ത്തുന്നത് കാശ്മീരിന്റെ സ്വയംഭരണം എന്ന ആവശ്യത്തിനായിരുന്നുവെന്ന പി. ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയത്.

ഈ സാഹചര്യത്തിലാണ് ചിദംബരത്തിന് പിന്തുണയുമായി ഒമര്‍ അബ്ദുള്ള രംഗത്തെത്തിയത്. പാകിസ്താനില്‍ നിന്നോ റഷ്യയില്‍ നിന്നോ ബ്രിട്ടനില്‍ നിന്നോ സ്വയംഭരണാധികാരം വേണമെന്നല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ അധിഷ്ഠിതമായ സ്വയംഭരണാധികാരമാണ് ഞങ്ങള്‍ കാംക്ഷിക്കുന്നത്. അത് നിലവില്‍ ഭരണഘടനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് സ്വയംഭരണാധികാരം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. 15വര്‍ഷത്തിന് ശേഷം നടന്ന പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം മുന്നോട്ടു വെച്ചത്.

സംസ്ഥാനത്തിന്റെ അഖണ്ഡതയെ എതിര്‍ക്കുന്ന വിഭാഗീയ സ്വരങ്ങളെ ഞങ്ങള്‍ അപലപിക്കുമ്പോഴും ജമ്മു കശ്മീരിന് സ്വയംഭരണാധികാരം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ 370ാം വകുപ്പിന്റെ ആദ്യകാല രൂപം പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഞങ്ങള്‍ മുന്നോട്ട് പോവും എന്നാണ് പ്രമേയം പറയുന്നത്.

2000 ത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിന്റെ കാലത്ത് ഫറൂഖ് അബ്ദുള്ള സ്വയംഭരണാധികാരത്തിനുള്ള പ്രമേയം പാസ്സാക്കിയിരുന്നു. എന്നാല്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഇത് തിരസ്‌കരിച്ചു. ‘വിദേശ നയം, കറന്‍സി, പ്രതിരോധം, ആശയ വിനിമയം എന്നിവയിലൊഴികെ എല്ലാ വിഷയത്തിലും സ്വയംഭരണം ജമ്മുവിന് നല്‍കുന്നതായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം.

കശ്മീരിനെ ഇന്ത്യയുമായി ചേര്‍ത്തു നിര്‍ത്തുക മാത്രമാണ് ചെയ്തത്, പകരം ഇന്ത്യയില്‍ ലയിപ്പിക്കുകയായിരുന്നില്ല എന്ന് ഞാന്‍ നിയമസഭയില്‍ പറയുന്നത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വ്യക്തിത്വം ഉണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഭരണഘടനയും കൊടിയുമണ്ടെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള പാര്‍ട്ടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.

രാഷ്ട്രീയമായ ഇടപെടലിന്റെ അഭാവത്തില്‍ സൈന്യമെന്ന സംവിധാനത്തെ മാത്രം ആശ്രയിച്ച് കൊണ്ട് കശ്മീര്‍ പ്രശ്‌നത്തെ നേരിടുന്നത് അപകടം പിടിച്ച കളിയാണെന്നും അത് ജനങ്ങളെ കൂടുതല്‍ അകറ്റുക മാത്രമേ ചെയ്യൂവെന്നും അദ്ദേഹം വ്യക്തമാക്കി.