ആധാര്‍ കേസില്‍ മമത ബാനര്‍ജിക്ക് തിരിച്ചടി: മമത നിയമത്തിന് അതീതയല്ലെന്ന് സുപ്രീംകോടതി

single-img
30 October 2017

ഡല്‍ഹി: ആധാര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീംകോടതിയെ സമീപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി. ഹര്‍ജിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേന്ദ്രതീരുമാനത്തെ ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വ്യക്തി എന്ന നിലയില്‍ മമതയ്ക്ക് കോടതിയെ സമീപിക്കാം. മമത നിയമത്തിന് അതീതയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ആധാര്‍ വിഷയത്തിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന മമതയ്ക്ക് വലിയ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.

മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെയും കഴിഞ്ഞ ദിവസം മമത രംഗത്തെത്തിയിരുന്നു. സിം കട്ടായാലും താന്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമത അഭിപ്രായപ്പെട്ടിരുന്നു.