കാമുകനെ കണ്ടെത്താന്‍ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി; യുവാവ് നാടുവിട്ടതോ കാമുകിയുടെ ശല്യം സഹിക്കാനാകാതെ; പോലീസ് വെട്ടിലായി

single-img
30 October 2017

പൂനെ: കാമുകിയുടെ ഫോണ്‍വിളി ശല്യം സഹിക്കാനാകാതെ മുങ്ങിയ കാമുകനെ പിടികൂടാന്‍ യുവതി നടത്തിയ കൂട്ടബലാത്സംഗ നാടകത്തില്‍ വട്ടം കറങ്ങി പോലീസും. ലത്തൂരുകാരായ കാമുകീകാമുകന്മാരാണ് പോലീസിനെ വെട്ടിലാക്കിയത്.

ലത്തൂരിലെ 27 കാരിയും യുവാവും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. യുവതി ഫോണ്‍ വിളിച്ചിട്ട് കാമുകന്‍ പ്രതികരിക്കാതെ വന്നതോടെയാണ് യുവതി കാമുകനും കൂട്ടുകാരും തന്നെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പോലീസില്‍ പരാതി നല്‍കിയത്.

പൂണെ കോണ്ഡ്വാ പോലീസിനെ വട്ടം കറക്കിയ കേസില്‍ കാമുകനെ പിടികൂടിയതോടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനിരിക്കുകയാണെന്നും തിരിച്ചറിഞ്ഞ പോലീസ് ഇരുവരേയും വെറുതെ വിടുകയായിരുന്നു. അടുത്തിടെയാണ് കാമുകന്‍ പണിയന്വേഷിച്ച് പൂനെയ്ക്ക് പോയത്.

എന്നാല്‍ കാമുകി ഇയാളെ പിന്തുടരുക ആയിരുന്നു. ഒക്ടോബര്‍ 9 ന് ഇവര്‍ കാമുകനെ തേടി പൂനെയില്‍ എത്തിയെങ്കിലും കാമുകനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് കാമുകനെ കണ്ടെത്താന്‍ യുവതി കള്ള കേസ് കൊടുത്തത്. തന്നെ കാമുകനും അയാളുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗം നടത്തുകയും ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി.

തുടര്‍ന്ന് കേസെടുത്ത പോലീസ് കാമുകനായി തെരച്ചില്‍ ആരംഭിക്കുകയും ഒരാഴ്ച കൊണ്ട് കണ്ടു പിടിക്കുകയും ചെയ്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും എന്നാല്‍ അവര്‍ നിരന്തരം ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെ വലഞ്ഞു പോയെന്നും യുവാവ് പറഞ്ഞു.

കാമുകി പൂനെയില്‍ എത്തിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഇയാള്‍ പോലീസിന അറിയിച്ചു. പിന്നീട് യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പോലീസ് ചോദ്യം ചെയ്ത ശേഷം ഇരുവരേയും വിട്ടയയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ ഒക്ടോബര്‍ 27 ന് ഇരുവരും വിവാഹിതരായെന്നാണ് വിവരം.