‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എഴുതിയത് ചട്ടലംഘനം; ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ് എടുക്കാമെന്ന് സമിതി

single-img
30 October 2017

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം’ എഴുതിയത് ചട്ടവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട്. അമ്പതിലധികം സ്ഥലത്ത് ചട്ടലംഘനമുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍ക്കാര്‍ അനുമതിയില്ലാതെ എഴുതിയ പുസ്തകത്തില്‍ പല സ്ഥലങ്ങളിലും ചട്ടലംഘമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് പുസ്തകം പരിശോധിക്കാന്‍ മുന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യം മുഖ്യമന്ത്രിയാവും തീരുമാനിക്കുക. അന്വേഷണം തുടരുകയും കോടതിയുടെ പരിഗണനയിലുള്ളതുമായ പാറ്റൂര്‍, ബാര്‍ കോഴക്കേസുകളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്.

കേസുകളില്‍ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അനുചിതമായെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുന്‍മന്ത്രി കെ.ബാബുവടക്കമുള്ളവര്‍ക്കെതിരെ പുസ്തകത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടുന്നു.

1966ലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള നിയമം അനുസരിച്ച് ഗുരുതര കൃത്യവിലോപം നടന്നിട്ടുണ്ടെന്നും സമിതി വിലയിരുത്തുന്നുണ്ട്. ഇതുപ്രകാരം ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയും. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

അതേസമയം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് അവധിയെടുത്താണ് പുസ്തകം എഴുതിയതെന്നും അതിനാല്‍ അത് എങ്ങനെ സര്‍വ്വീസ് നിയമങ്ങളുടെ ലംഘനമാകുമെന്നുമാണ് ജേക്കബ് തോമസ് ചോദിക്കുന്നത്.