ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍; എന്‍.ഐ.എ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും

single-img
30 October 2017

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ ഹാദിയയുടെ ഭാഗം കേള്‍ക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. അതേസമയം സുപ്രീംകോടതി ഉത്തരവ് മറികടന്ന് ജസ്റ്റീസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടമില്ലാതെ ഹാദിയ കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഷെഫിന്‍ കോടതിയില്‍ ആവശ്യപ്പെടും.

ഇതിനിടെ ഷെഫിന്‍ ജാഹാന് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധം ചുമത്തി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മന്‍സി ബുറാക്കുമായി ഷെഫിന് ബന്ധമുണ്ടെന്നാണ് അശോകന്റെ ആരോപണം.

ഇതും കോടതി ഇന്ന് പരിഗണിച്ചേക്കും. മെയ് 24 നാണ് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെ ഹാദിയയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു.