തിരുവനന്തപുരത്ത് കാമുകന്റെ കയ്യിലെ നഗ്ന ദൃശ്യങ്ങൾ വാങ്ങാൻ യുവതി പോലീസുകാരനെ ഏർപ്പാടാക്കി; ദൃശ്യങ്ങൾ കൈക്കലാക്കിയപ്പോൾ പോലീസുകാരൻ കാലുമാറി

single-img
30 October 2017

പ്രണയംനടിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവും പോലീസുകാരനും അറസ്റ്റില്‍. മുട്ടട ചാരുവിളാകത്ത് വീട്ടില്‍ സദാനന്ദന്‍നഗറില്‍ നിവിന്‍ വില്‍സണ്‍(24), സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍പോലീസ് ഓഫീസറായിരുന്ന പിരപ്പന്‍കോട് ആശ ഭവനില്‍ അഭിലാഷ് (42) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: നിതിന്‍ വില്‍സണും ആനയറ സ്വദേശിനിയായ പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ നിതിന്‍ ശേഖരിച്ചിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മില്‍ തെറ്റി.

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ചില കൂട്ടുകാരികള്‍ക്ക് നിതിന്‍ അയച്ചുകൊടുത്തു. വിവരമറിഞ്ഞ പെണ്‍കുട്ടി തന്റെ ചിത്രങ്ങള്‍ തിരികെ വാങ്ങാന്‍ സുഹൃത്തുക്കളുടെ സഹായം തേടി. അങ്ങനെ പെണ്‍കുട്ടിയുടെ സുഹൃത്ത് മുഖേനയാണ് അഭിലാഷ് ഈ കേസില്‍ ഇടപെടുന്നത്. നിതിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ അഭിലാഷ് നിതിന്റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങള്‍ വാങ്ങി. ഇതിനുശേഷം പെണ്‍കുട്ടിയോട് ഫോട്ടോകള്‍ തിരികെ തരണമെങ്കില്‍ തനിക്ക് കീഴടങ്ങണമെന്ന് നിര്‍ദേശിച്ചു.

ഭീഷണി ശക്തമായതോടെ പെണ്‍കുട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കി. പരാതി പിന്നീട് പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. നിതിനെ അറസ്റ്റ് ചെയ്തശേഷം ഞായറാഴ്ച പുലര്‍ച്ചെ പോലീസ് അഭിലാഷിന്റെ പിരപ്പന്‍കോട്ടെ വീട്ടിലെത്തി. ഇവിടെവെച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മണ്ണന്തല എസ്.ഐ.യെ ഈയാള്‍ ആക്രമിച്ചു. സര്‍ക്കാരിനെതിരേ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് അഭിലാഷ് സസ്‌പെന്‍ഷനിലാണ്.