കോടതി എന്തു തീരുമാനമെടുത്താലും സ്വാഗതം ചെയ്യുമെന്ന് ഹാദിയയുടെ അച്ഛന്‍; ‘പക്ഷേ ഷെഫിന്‍ ജഹാനെ അംഗീകരിക്കാനാവില്ല’

single-img
30 October 2017

ഹാദിയ കേസില്‍ കോടതി എന്തു തീരുമാനമെടുത്താലും സ്വാഗതം ചെയ്യുമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന ആളാണ് താന്‍. കോടതി നിര്‍ദേശിച്ച ദിവസം തന്നെ താനും മകളും കോടതിയില്‍ പോകും. തങ്ങളുടെ രണ്ടുപേരുടേയും എന്‍.ഐ.എയുടേയും വാദം കേട്ടശേഷം കോടതി തീരുമാനം അറിയിക്കും.

തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിനെയും അംഗീകരിക്കുന്നു. മകള്‍ക്ക് ഇവിടെ ഒരു സ്വാതന്ത്ര്യ കുറവുമില്ല. എവിടെ വേണമെങ്കിലും പോലീസിന്റെ അകമ്പടിയോടെ പോകാമെന്ന് പറഞ്ഞിരുന്നു. അവള്‍ തയ്യാറല്ലെങ്കില്‍ എടുത്തുകൊണ്ടുപോകാന്‍ പറ്റുമോ.

നാട്ടുകാര്‍ പറയുന്നതൊന്നും ശരിയല്ലെന്നും അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ ഏതു മതവിശ്വാസപ്രകാരം ജീവിച്ചാലും തനിക്ക് വിരോധമില്ല. ഷഫിന്‍ ജഹാന്‍ ശരിയല്ല. അവന് തീവ്രവാദ ബന്ധമുണ്ട്. കേസില്‍ എന്‍.ഐ.എ അന്വേഷണം വന്നാല്‍ മാത്രമേ സത്യം ബോധ്യപ്പെടൂവെന്നും അശോകന്‍ പറഞ്ഞു.

ഹാദിയയെ നേരിട്ട് ഹാജരാക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശോകന്‍. നവംബര്‍ 27ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അച്ഛന്‍ അശോകനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. അടച്ചിട്ട മുറിയില്‍ വേണം ഹാദിയയ്ക്കു പറയാനുള്ളത് കേള്‍ക്കണമെന്നായിരുന്നു അച്ഛന്‍ അശോകന്റെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി.

നിര്‍ബന്ധിത വീട്ടുതടങ്കലില്‍ ആണോ എന്നറിയുന്നതിന് വേണ്ടിയാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായോ എന്നതും ഹാദിയയില്‍ നിന്ന് കോടതി ചോദിച്ചറിയും. ഹാദിയയെ ഹാജരാക്കേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് കോടതി വ്യക്തമാക്കി.

ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷമേ എന്‍ഐഎയുടേയും പിതാവ് അശോകന്റെയും വാദം കേള്‍ക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ വിഷയത്തില്‍ മനശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകലാണ് നടന്നിരിക്കുന്നതെന്ന് എന്‍ഐഎ കോടതിയില്‍ അഭിപ്രായപ്പെട്ടു.

മെയ് 24 നാണ് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെ ഹാദിയയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു.

ഹാദിയ വീട്ടു തടവിലാണെന്നും പിതാവ് ക്രൂരമായി ഉപദ്രവിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. പിതാവ് മര്‍ദ്ദിക്കുന്നുവെന്നും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.