പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

single-img
30 October 2017

ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നതിനെ കുറിച്ച് പലര്‍ക്കും വ്യക്തമായ അറിവില്ല.

നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന അക്കൗണ്ടിനെക്കുറിച്ച് ബാങ്കിനെ അറിയിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ സാധാരണ അക്കൗണ്ടിനെ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ടാക്കി മാറ്റാന്‍ സാധിക്കും. ഇതെങ്ങനെയെന്ന് നോക്കാം.

എന്‍ആര്‍ഒ അക്കൗണ്ടുകള്‍: ലോകത്തെവിടെ നിന്നും എന്‍ആര്‍ഒ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താം. സൗജന്യമായി പണം കൈമാറാം. എന്‍ആര്‍ഒ അക്കൗണ്ടിലെ മിനിമം ബാലന്‍സ് 10000 രൂപ മാത്രമാണ്. ഈ തുക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതാണ്.

അതേസമയം ആവശ്യാനുസരണം അക്കൗണ്ട് ടൈപ്പിനെ മാറ്റാം. റെസിഡന്റ് അക്കൗണ്ടിനെ എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റുന്നതിന് ഐഡി പ്രൂഫ്, എന്‍ആര്‍ഐ സ്റ്റാറ്റസ് പ്രൂഫ്, ഫോറിന്‍ അഡ്രസ്, 2 ഫോട്ടോഗ്രാഫ്‌സ് എന്നിവ മാത്രം നല്‍കിയാല്‍ മതി.

പുതിയ അക്കൗണ്ട് ഹോള്‍ഡേഴ്‌സിന് സൗജന്യ ചെക്ക് ബുക്ക്, എടിഎം കാര്‍ഡ് എന്നിവ ലഭിക്കും. എന്‍ആര്‍ഒ അക്കൗണ്ടിനെ ഇരട്ട ടാക്‌സ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വെല്‍ത്ത് ആന്‍ഡ് ഗിഫ്റ്റ് ടാക്‌സ് മാറ്റങ്ങള്‍ അനുസരിച്ച് എന്‍ആര്‍ഒ അക്കൗണ്ടിലെ പണത്തിന് ടാക്‌സ് ഈടാക്കാം. അതുപോലെത്തന്നെ എന്‍ആര്‍ഒ അക്കൗണ്ട് ഉടമയ്ക്ക് സ്വന്തം രാജ്യത്തുള്ള വ്യക്തിയുമായി ചേര്‍ന്ന് ജോയിന്റ് എന്‍ആര്‍ഒ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

നാട്ടിലുള്ള പങ്കാളിയോ മാതാപിതാക്കളുമായോ അക്കൗണ്ട് ഉപയോഗിക്കാം. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപത്തിനു ബാധകമായിരിക്കും. പലിശ നിരക്കുകള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ സമാനമായ അക്കൗണ്ടുകള്‍ക്കു കൊടുക്കുന്നതിനെക്കാള്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല.

എന്‍ആര്‍ഇ അക്കൗണ്ടുകള്‍: എന്‍ആര്‍ഇ അക്കൗണ്ടുകള്‍ പ്രവാസികളായ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യയില്‍ തുടങ്ങാവുന്നതും ഇന്ത്യന്‍ രൂപയില്‍ നിലനിര്‍ത്തുന്നതുമായ അടിസ്ഥാന സേവിങ്‌സ് സ്ഥിര നിക്ഷേപങ്ങളാണ്. എന്‍ആര്‍ഇ അക്കൗണ്ടില്‍ കണക്കുകള്‍ തിട്ടപ്പെടുത്തുക ഇന്ത്യന്‍ രൂപയിലായിരിക്കും. അക്കൗണ്ടിലെ പണം സ്വന്തം സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കോ നിയന്ത്രണമോ ഉണ്ടായിരിക്കില്ല. അക്കൗണ്ടിലെ തുകയ്ക്കും അതിനുള്ള പലിശയ്ക്കും ഇന്‍കം ടാക്‌സും വെല്‍ത്ത് ടാക്‌സും അടയ്‌ക്കേണ്ട ആവശ്യമില്ല.

മിക്ക ബാങ്കുകളും രണ്ടാഴ്ച വരെയുള്ള ചെറിയ കാലയളവുകളിലേയ്ക്ക് 50,000 രൂപ വരെ ഓവര്‍ഡ്രോയിങ് അനുവദിക്കാറുണ്ട്. അതായത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അക്കൗണ്ടിലുള്ളതിനെക്കാള്‍ 50,000 രൂപവരെ അധികമായി അക്കൗണ്ട് ഉടമയ്ക്ക് ഉപയോഗിക്കാനാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ തുക തിരികെയടച്ചിരിക്കണമെന്ന് മാത്രം.

എന്‍ആര്‍ഇ അക്കൗണ്ടിലെ സേവിംഗ്‌സ് പലിശനിരക്കുകള്‍ ബാങ്കുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ഒരു വര്‍ഷത്തിനുമേല്‍ കാലാവധിയുള്ള (ടേം ഡിപ്പോസിറ്റ്) അക്കൗണ്ടുകളുടെ പലിശനിരക്കും ബാങ്കുകള്‍ക്കു തീരുമാനിക്കാം. അക്കൗണ്ട് പേയീ ചെക്ക്, ഡി.ഡി., ബാങ്കേഴ്‌സ് ചെക്ക്, എഫ്.ഡി.ഐ നിക്ഷേപങ്ങള്‍ വിറ്റുകിട്ടുന്ന ലാഭം, ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ പലിശ, മ്യൂച്വല്‍ ഫണ്ട് ഡിവിഡന്‍ന്റുകള്‍ എന്നിവ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാനാകും.

തദ്ദേശീയ വിനിമയങ്ങള്‍, മറ്റ് എന്‍ആര്‍ഇ/എഫ്.സി.എന്‍.ആര്‍ അക്കൗണ്ടുകളിലേക്കുള്ള ട്രാന്‍സ്ഫറുകള്‍, വിദേശത്തേക്കുള്ള പണമടയ്ക്കലുകള്‍, ഇന്ത്യന്‍ കമ്പനികളുടെ ഷെയര്‍/സെക്യൂരിറ്റി/കൊമേഴ്‌സ്യല്‍ പേപ്പര്‍ തുടങ്ങിയ വിനിമയ രീതികള്‍ ഉപയോഗിക്കാവുന്നതാണ്. അക്കൗണ്ടിലെ പണം ജാമ്യമായി കണക്കാക്കി വായ്പകള്‍ ലഭിക്കുകയും ചെയ്യും. പവര്‍ ഓഫ് അറ്റോണി വഴി നാട്ടിലുള്ളവര്‍ക്ക് അക്കൗണ്ട് ഉടമയ്ക്ക് പണക്കൈമാറ്റം നടത്താനുമാകും.

റസിഡന്റ് ഫോറിന്‍ കറന്‍സി അക്കൗണ്ട്: ഇന്ത്യയിലേയ്ക്കു തിരിച്ചു വന്നു താമസിക്കുന്ന പ്രവാസികള്‍ക്കു തങ്ങളുടെ വിദേശത്തെ സമ്പാദ്യം വിദേശ നാണയമായിത്തന്നെ സൂക്ഷിക്കാവുന്നവയാണ് റസിഡന്റ് ഫോറിന്‍ കറന്‍സി അക്കൗണ്ടുകള്‍. നിക്ഷേപങ്ങള്‍ക്കും പലിശയ്ക്കും ആദായ നികുതി നല്‍കേണ്ടെന്നു മാത്രമല്ല 7 വര്‍ഷം വരെ വെല്‍ത്ത് ടാക്‌സും ഒഴിവാക്കിയിട്ടുണ്ട്. പില്‍ക്കാലത്തു വിദേശത്തേക്കു മടങ്ങുമ്പോള്‍ അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന തുക എന്‍ആര്‍ഇ, എഫ്‌സിഎന്‍ആര്‍ തുടങ്ങിയ അക്കൗണ്ടുകളിലേക്കു മാറ്റാവുന്നതുമാണ്.

നേരത്തേതന്നെ നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെ സാധാരണ അക്കൗണ്ടുകളില്‍, അക്കൗണ്ടുടമയുടെ മരണശേഷം മാത്രം അധികാരം ലഭിക്കുന്ന രീതിയില്‍ അവസാന പേരുകാരനായി ഫോര്‍മര്‍ ഓര്‍ സര്‍വൈവര്‍ എന്ന രീതിയില്‍ മാത്രമായിരുന്നു പ്രവാസികളുടെ പേരു ചേര്‍ക്കാമായിരുന്നത്.

ഇപ്പോള്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിനുള്‍പ്പെടെ അധികാരം ലഭിക്കുന്ന എയ്തര്‍ ഓര്‍ സര്‍വൈവര്‍ എന്ന രീതിയില്‍ നാട്ടിലുള്ളവരുടെ അക്കൗണ്ടുകളില്‍ പ്രവാസിയുടെ പേരും ചേര്‍ക്കാം. പ്രായമായ അച്ഛനമ്മമാര്‍, അടുത്ത ബന്ധുക്കള്‍, ജീവിതപങ്കാളി തുടങ്ങിയവരുടെ പേരിലുള്ള അക്കൗണ്ടുകളില്‍ പ്രവാസികള്‍ക്കും പേരു ചേര്‍ക്കാമെന്നായതോടെ പിന്‍തുടര്‍ച്ചവകാശം ഉള്‍പ്പെടെ പല നിയമ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

കടപ്പാട്: മനോരമ