അപൂര്‍വ സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യം: വൃദ്ധസദനത്തില്‍ 80 കാരനായ മകനെ പരിചരിച്ച് 98 കാരിയായ മാതാവ്

single-img
30 October 2017

ഒരമ്മയും മകനും തമ്മിലുള്ള അപൂര്‍വ സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമാണ് ലിവര്‍പൂളിലെ ഹുയ്ട്ടണിലുള്ള മോസ് വ്യൂ കെയര്‍ ഹോമിലേത്. പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ തള്ളുന്ന മക്കള്‍ക്കും, മക്കളെ ഓര്‍ഫണേജിലേക്ക് അയക്കുന്ന അച്ഛനമ്മമാര്‍ക്കും മാതൃകയാണ് 98 കാരിയായ അട കീറ്റിംഗും 80 വയസ്സുള്ള മകന്‍ ടോം കീറ്റിംഗും.

ഇരുവരും ഒരേ വൃദ്ധസദനത്തിലെ അന്തേവാസികളാണ്. 80 വയസ്സുള്ള മകന്‍ ടോം കീറ്റിംഗ് 2016 ലാണ് ഈ വൃദ്ധ സദനത്തില്‍ എത്തിയത്. തൊട്ടു പിന്നാലെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ മകന് കെയര്‍ഹോമില്‍ നിന്നും ലഭിക്കുന്ന പരിചരണം മതിയായില്ലെങ്കിലോ എന്ന് പേടിച്ചാണ് ഈ മാതാവും ഇവിടേക്ക് താമസം മാറ്റിയത്.

വേവര്‍ട്രീക്കാരായ ഈ അമ്മയും മകനും സദാസമയവും ഒരുമിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവര്‍ കെയര്‍ഹോമില്‍ വച്ച് ഗെയിം കളിക്കുകയും അല്ലാത്തസമയം ടിവി കാണുകയും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത് ജീവിതം മനോഹരമായി ആസ്വദിക്കുകയാണ്.

അമ്മയെ നോക്കാന്‍ വിവാഹം പോലും വേണ്ടെന്ന് വെച്ച മകന്‍ ടോം തന്റെ ജീവിതകാലം മുഴുവന്‍ അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അതിനാലാണ് മകനെ പിരിഞ്ഞിരിക്കാന്‍ ഈ അമ്മയ്ക്ക് സാധിക്കാത്തതും. തനിക്ക് ടോമിനോട് നിത്യവും ഗുഡ്‌നൈറ്റ് പറയാനും ഗുഡ് മോണിങ് പറയാനും സാധിക്കുന്നതിലും മിക്ക സമയങ്ങളിലും മകനോടൊത്ത് ചെലവിടാന്‍ കഴിയുന്നതിലും സന്തോഷമാണെന്ന് അഡ പറയുന്നു.

അഡയ്ക്കും ഭര്‍ത്താവായ ഹാരിക്കും നാല് മക്കളാണുള്ളത്. ഇതില്‍ മൂത്തയാളാണ് ടോം. ബാര്‍ബറ, മാര്‍ഗി, ജാനെറ്റ് എന്നിവരാണ് മറ്റ് മക്കള്‍. ഇതില്‍ ജാനെറ്റ് 13ാം വയസില്‍ മരിച്ചിരുന്നു. എച്ച്ഇ സിം ബില്‍ഡിങ് സര്‍വീസസില്‍ പെയിന്ററും ഡെക്കറേറ്ററുമായിരുന്നു ടോം.

മില്‍ റോഡ് ഹോസ്പിറ്റലില്‍ ഓക്‌സിലറി നഴ്‌സായിരുന്നു അഡ. കൊച്ചുമകള്‍ ഡെബി ഹിഗാം വൃദ്ധസദനത്തില്‍ മുത്തശ്ശിയുടേയും അമ്മാവന്റെയും പതിവ് സന്ദര്‍ശകയാണ്. മുത്തശ്ശിയും അമ്മാവനും ഒരുമിച്ചായതില്‍ ഏറെ സന്തോഷമെന്നാണ് ഇവര്‍ പറയുന്നത്.

ഇരുവരേയും പിരിക്കാനാകില്ലെന്നും രണ്ടുപേരും സന്തോഷമായി ഇരിക്കുന്നു എന്ന് ഉറപ്പാക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും ഡെബി പറയുന്നു. ഇരുവര്‍ക്കും വേണ്ടത് എന്താണെന്ന് ചോദിച്ചറിഞ്ഞ് അത് കൊടുക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും അവര്‍ പറയുന്നു

ഒരേ കെയര്‍ഹോമില്‍ തന്നെ അമ്മയേയും മകനെയും കാണുന്നത് അസാധാരണമാണ്. കഴിയുന്നത്ര സമയം ഇരുവരും ഒരുമിച്ചിരിക്കുന്നത് കാണാനാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് കെയര്‍ഹോം മാനേജര്‍ ഫിലിപ്പ് ദാനിയല്‍സ് പറഞ്ഞു.