മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം; തന്റെ അകമ്പടി വാഹനമിടിച്ചാണ് കുട്ടി മരിച്ചതെന്ന് തനിക്കറിയില്ലെന്ന് മന്ത്രി

single-img
29 October 2017

 

ലഖ്‌നൗ: ശനിയാഴ്ച വൈകുന്നേരം യു.പിയിലെ ഗോണ്ട ജില്ലയിലെ കേണല്‍ഗഞ്ച് മേഖലയില്‍ യുപി മന്ത്രി ഓം പ്രകാശ് രാജ്ഭറിന് അകമ്പടി പോയ വാഹനമിടിച്ച് അഞ്ചു വയസ്സുകാരന്‍ മരിച്ചു. വാഹനം തട്ടി തെറിച്ചുവീണ ഹൃദേഷ് ഗോസ്വാമി എന്ന കുട്ടി സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപെട്ടു വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗോണ്ട പോലീസ് സൂപ്രണ്ട് ഉമേഷ് കുമാര്‍ സിങ് പ്രതികരിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ച കുറ്റമാണ് വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്‌.

അതേസമയം തന്റെ അകമ്പടി വാഹനമിടിച്ചാണ് കുട്ടി മരിച്ചതെനന് തനിക്കറിയില്ലെന്ന് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ പ്രതികരിച്ചു.

അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വാഹന ഡ്രൈവര്‍ ഉടന്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും ഗതാഗതം തടഞ്ഞും പ്രതിഷേധിച്ചു.

സംഭവസ്ഥലത്ത് നിന്നും 25 കിലോമീറ്ററോളം അകലെയായിരുന്ന തന്നെ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംഭവസ്ഥലത്തേക്ക് പോകേണ്ടെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

ഹൃദേഷിന്റെ കുടുംബത്തെ താന്‍ സന്ദര്‍ശിക്കുമെന്നും സംഭവം തികച്ചു ദൗര്‍ഭാഗ്യകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൃദേഷ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.