കശ്മീരിന് സ്വയംഭരണാധികാരം നല്‍കണമെന്ന് പി.ചിദംബരം; പരാമര്‍ശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും സ്മൃതി ഇറാനി

single-img
29 October 2017

ന്യഡല്‍ഹി: ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഭരണഘടന ആര്‍ട്ടിക്കിള്‍ 370 ലെ അക്ഷരങ്ങളെയും ആത്മാവിനെയും ബഹുമാനിക്കുകയാണ് കശ്മീര്‍ ജനത. അവരോടു സംസാരിച്ചതില്‍ നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുകയാണവരെന്നു മനസിലായെന്നും ചിദംബരം പറഞ്ഞു. ഗുജറാത്തില്‍ മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു മുന്‍ ധനമന്ത്രിയുടെ വിവാദ പ്രസ്താവന.

എന്നാല്‍ ചിദംബരത്തിന്റെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമര്‍ശിച്ചു. ഇന്ത്യ പല കഷ്ണങ്ങളായി മുറിക്കണമെന്നാണ് ചിദംബരം പറയുന്നത്. സുരക്ഷ ജീവനക്കാരെ കൊലപ്പെടുത്തിയവരെ പിന്തുണയ്ക്കുകയാണ് ചിദംബരവും കോണ്‍ഗ്രസുമെന്ന് പറഞ്ഞ സ്മൃതി, ജമ്മു കശ്മീരിലെ ക്രമസമാധാന നില താറുമാറാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും ആരോപിച്ചു.

അതേസമയം ചിദംബരത്തിന്റെ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും അദ്ദേഹത്തെ തള്ളി രംഗത്തെത്തി. ചിദംബരത്തിന്റേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുജേര്‍വാല പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അത് ചോദ്യം ചെയ്യപ്പെടാതെ അങ്ങനെ തന്നെ നിലനില്‍ക്കും.

ഒരാളുടെ മാത്രം അഭിപ്രായം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഭിപ്രായമാകണമെന്നില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യത്തില്‍ ഒരാള്‍ക്കു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്റെ സ്വയം ഭരണമെന്ന ആവശ്യം ചിദംബരം മുന്‍പും ഉന്നയിച്ചിരുന്നു. കശ്മീരിന് സ്വയം ഭരണം നല്‍കിയില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരുമെന്നും ചിദംബരം മുന്നറിയിപ്പു നല്‍കിയിരുന്നു.