സുരക്ഷാ ഭീഷണി: 40,000 കോടി രൂപയുടെ ആത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി കരസേന

single-img
29 October 2017

ന്യൂഡല്‍ഹി: ആയുധ പരിഷ്‌കരണത്തിന് ഒരുങ്ങി കരസേന. എഴ് ലക്ഷം റൈഫിളുകള്‍, 44,000 ലൈറ്റ് മെഷിന്‍ ഗണ്ണുകള്‍, 44,600 കാര്‍ബൈനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വലിയ ആയുധ പരിഷ്‌കരണത്തിനാണ് സേന തയ്യാറെടുക്കുന്നത്. അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ 40,000 കോടി രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആയുധ സംഭരണത്തിനായുള്ള ശുപാര്‍ശ കരസേന, പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി അയച്ചുകഴിഞ്ഞു. കരസേനയുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്ന് സുരക്ഷാ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആയുധ നവീകരണം വേഗത്തിലാക്കണമെന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. ആയുധ സംഭരണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിആര്‍ഡിഒയ്ക്ക് പ്രതിരോധ മന്ത്രാലയം ആയുധങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ലൈറ്റ് മെഷിന്‍ ഗണ്ണുകള്‍ വാങ്ങുന്നതിനായുള്ള തീരുമാനം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കും. മാത്രമല്ല അസോള്‍ട്ട് റൈഫിളുകള്‍ വാങ്ങാനുള്ള ശുപാര്‍ശ ഉടന്‍ തന്നെ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ ഇന്ത്യയില്‍ നിര്‍മിച്ച റൈഫിളുകള്‍ ഫയറിങ് പരീക്ഷണത്തില്‍ നിലവാരം പുലര്‍ത്തുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കരസേന അവ വാങ്ങാനുള്ള തീരുമാനം റദ്ദാക്കിയിരുന്നു. മാത്രമല്ല കാലാള്‍പ്പടയുടെ പ്രഹര ശേഷി വര്‍ധിപ്പിക്കാനും സേനയെ ആധുനികവത്കരിക്കാനും പ്രതിരോധ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.