ക്രിസ്ത്യന്‍ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ നേരിടേണ്ടി വന്നത് കടുത്ത പീഡനമെന്ന് യുവതി; ‘മൃഗത്തെപ്പോലെയാണ് യോഗ സെന്ററിലുള്ളവര്‍ പെരുമാറിയത്’

single-img
28 October 2017

തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് യോഗ സെന്ററില്‍ താമസിച്ചപ്പോള്‍ നേരിട്ട പീഡനം വെളിപ്പെടുത്തി രംഗത്തെത്തിയത്.

ശാരീരിക ഉപദ്രവത്തിന് പുറമേ ബൈബിളും ഖുര്‍ആനും തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്ന തരത്തിലുള്ള ക്ലാസുകളും ഉണ്ടായിരുന്നെന്നും ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് മറ്റ് പെണ്‍കുട്ടികള്‍ തന്നോട് പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.

ക്രിസ്ത്യന്‍ യുവാവുമായി പ്രണയത്തിലായതിന്റെ പേരില്‍ ഒരു മാസം മുമ്പാണ് യോഗസെന്ററിലെത്തിയതെന്ന് ഉദയംപേരൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു ക്രിസ്ത്യന്‍ യുവാവിനെ നിങ്ങള്‍ പ്രണയിച്ചു എന്നും അതില്‍ നിന്നും പിന്‍മാറിയേ തീരൂവെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

യോഗ സെന്ററില്‍ എത്തിയ ദിവസം തന്നെ ഒരു മൃഗത്തെപ്പോലെയാണ് അവര്‍ എന്നെ പരിഗണിച്ചത്. അവര്‍ എന്നെ അടിക്കുകയും കയ്യില്‍ നിന്നും മൊബൈല്‍ പിടിച്ചുവാങ്ങുകയുമായിരുന്നെന്നും യോഗ സെന്ററിലെ രണ്ട് മൂന്ന് സ്ത്രീകള്‍ തന്നെ തറയിലൂടെ വലിച്ചിഴച്ചു മുറിയിലേക്ക് കൊണ്ടുപോയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്.

ഇത് നിയമവിരുദ്ധമായ ഒരു സ്ഥലമാണെന്നും എന്നെ വെറുതെ വിടണമെന്നും കരഞ്ഞുപറഞ്ഞെങ്കിലും അവര്‍ ഉപദ്രവം തുടര്‍ന്നു. ശ്രുതി, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പീഡനം. ഇവിടെ നിന്നും രക്ഷപ്പെട്ടവര്‍ വേറെയുമുണ്ട്. അവരെല്ലാം ഇപ്പോഴും വീട്ടുകാരുടെ തടങ്കലിലാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇതൊന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

ഞാന്‍ യോഗ സെന്ററിന് അനുകൂലമായി സംസാരിക്കുന്ന വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. അത് അവര്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതാണ്. യോഗ സെന്ററിനെ കുറിച്ച് ക്ലാസെടുക്കുകയും അവരെ കുറിച്ച് നല്ലത് പറയിപ്പിക്കുകയുമായിരുന്നു. അവര്‍ പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.