യുഎഇയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം: ‘മുഖം വെളുപ്പിക്കാനുള്ള ക്രീമുകള്‍ ഉപയോഗിക്കരുത്’

single-img
28 October 2017


ഡോക്ടറുടെ നിര്‍ദേശം കൂടാതെ മുഖം വെളുപ്പിക്കുന്നതിനുള്ള ക്രീമുകള്‍ ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൃത്യമായ നിര്‍ദേശമില്ലാതെ ഇത്തരം ക്രീമുകള്‍ ഉപയോഗിച്ചാല്‍ ആശുപത്രിവാസമായിരിക്കും ഫലമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മുഖം വെളുപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി പ്രചരിക്കുന്ന ചില ക്രീമുകള്‍ ഡോക്ടറുടെ അനുവാദമില്ലാതെ വാങ്ങരുതെന്നാണ് നിര്‍ദേശം. ക്രീമുകള്‍ ഉപയോഗിച്ചതിനുശേഷം സൂര്യപ്രകാശം ഏറ്റാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഇത്തരം ക്രീമുകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ത്വക്ക് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ട്. കൂടാതെ തൊലിയിലൂടെ ഇവ ശരീരത്തിലെത്തി കരള്‍ രോഗങ്ങള്‍ വരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്നവര്‍ നിരീക്ഷണത്തിലാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.