ധോണിയുടെ മകള്‍ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് ശ്രീശാന്തല്ല; ‘ആയ’

single-img
28 October 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്നു തുടങ്ങുന്ന ഗാനമാണ് കുഞ്ഞു സിവ പാടി ഹിറ്റാക്കിയത്.

ധോണിയുടെ മകള്‍ ഈ പാട്ട് സ്ഫുടതയോടെ പാടുന്നത് കേട്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകര്‍. അപ്പോഴും മലയാളികള്‍ തിരക്കിക്കൊണ്ടിരുന്നത് ആരായിരിക്കും ആ പാട്ട് കുഞ്ഞിനെ പഠിപ്പിച്ചിട്ടുണ്ടാവുകയെന്നാണ്.

ഇതിനിടെയില്‍ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്താണെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ശ്രീശാന്തല്ല സിവയെ പാട്ടുപഠിപ്പിച്ചത് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളിയായ ആയയാണ്. കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരമായ എം എ സതീഷ്, ധോണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. സതീഷിന്റെ പരിചയത്തിലുള്ള മലയാളി ആയയാണ് സിവയെ പരിചരിക്കുന്നത്. അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ.. എന്ന ഗാനം ധോണിയുടെ വീട്ടിലെത്തിയത് സതീഷും ഈ ആയയും വഴിയാണ്.

ഇന്ത്യന്‍ സിമന്റ്സില്‍ വൈസ് പ്രസിഡന്റാണ് തൃശൂര്‍ സ്വദേശി സതീഷ്. കൂടാതെ ഇന്ത്യന്‍ ടീമിന്റെ ലോജിസ്റ്റിക്സ് മാനേജരുമായിരുന്നു. ഈ ബന്ധമാണ് ധോണിയുമായി സതീഷിന്. അങ്ങിനെയാണ് സതീഷിന്റെ പരിചയത്തിലുള്ള ആയ സിവയെ പരിചരിക്കാനെത്തുന്നത്.

അതേസമയം സിവയുടെ പാട്ട് വൈറലായിരിക്കുന്ന പശ്ചാത്തലത്തില്‍ അമ്പലപ്പുഴ ക്ഷേത്രം ഉപദേശക സമിതി സിവയെ ഉത്സവത്തിന് ക്ഷണിക്കാനുള്ള ഒരുക്കങ്ങളിലാണ്.