സിനിമയില്‍ നിന്ന് നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്: സ്രിന്‍ഡ അഷാബ് പറയുന്നു

single-img
28 October 2017

തിരുവനന്തപുരം: വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം പിടിച്ചെടുത്ത നടിയാണ് സ്രിന്‍ഡ അഷാബ്. 1983 എന്ന നിവിന്‍ പോളി ചിത്രത്തില്‍ മേക്കപ്പ് കൂടിപ്പോയോ ചേട്ടാ എന്ന് ചോദിച്ചുകൊണ്ട് മലയാളികളുടെ മനസിലേക്ക് കയറി വന്ന നടിയെ സിനിമ പ്രേമികള്‍ക്ക് അത്രപ്പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല.

ഇതിനോടകം ഒട്ടുമിക്ക നടികളും സിനിമാ മേഖലയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്ന് കഴിഞ്ഞു. ഇപ്പോഴിതാ സിനിമയില്‍ നിന്ന് നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് സ്രിന്‍ഡയും രംഗത്തെത്തിയിരിക്കുകയാണ്.

പുറത്ത് നില്‍ക്കുന്നവര്‍ സിനിമ വലിയ പ്രശ്‌നമുള്ള ഏരിയയാണെന്ന് പറയും, എന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ല. പിന്നെ എല്ലാവര്‍ക്കുമുണ്ടാകുന്ന ചില ചെറിയ പ്രശ്‌നങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും സ്രിന്‍ഡ പറയുന്നു.

ജോലി ചെയ്തിട്ട് പൈസ ചോദിക്കുമ്പോളുള്ള ചിലരുടെ ഒരു ആറ്റിറ്റിയൂഡ് ഉണ്ട്. ഞാന്‍ അവരുടെ അടുത്ത് നിന്ന് കടം ചോദിക്കുന്നപോലെയാ. അവരെ വിളിക്കണം. ഹലോ ആ പൈസ ഒന്നു തരുമോ എന്നും ചോദിച്ച്. ചിലപ്പോ ഒരു സ്ത്രീ ആയതുകൊണ്ടാവാം, അവള്‍ക്കെന്തെങ്കിലും കൊടുത്താ മതി എന്നൊരു കാഴ്ചപ്പാടാണെന്നും സ്രിന്‍ഡ പറയുന്നൂ.
ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്രിന്‍ഡ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്രയും സിനിമകളില്‍ അഭിനയിച്ചിട്ടും സിനിമയിലെ ഒരു സംഘടനയിലും സ്രിന്‍ഡ അംഗമല്ലാത്തതിനെക്കുറിച്ചും സിനിമയിലെ പുതിയ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവിനെക്കുറിച്ചും സ്രിന്‍ഡ പ്രതികരിക്കുന്നുണ്ട്. ‘ഞാനൊരു സംഘടനയിലും ഇല്ലാത്ത ആളാണ്. അമ്മയിലും ഡബ്ല്യുസിസിയിലുമൊന്നും മെമ്പറല്ല. അതുകൊണ്ട് അതിനുള്ളിലെ കാര്യങ്ങള്‍ തനിക്കറിയില്ലെന്നും സ്രിന്‍ഡ പറയുന്നു.

ഫേസ്ബുക്കില്‍ കണ്ടാണ് ഞാന്‍ ഡബ്യുസിസിയെ കുറിച്ച് അറിയുന്നത്. അത് ഒരു നല്ല ഇനിഷ്യേറ്റീവാണ്. പക്ഷെ സ്ത്രീയായലും പുരുഷനായാലും പരസ്പര ബഹുമാനം ഉണ്ടെങ്കില്‍ കുറെ പ്രശ്‌നങ്ങള്‍ മാറുമെന്നും സ്രിന്‍ഡ കൂട്ടിച്ചേര്‍ത്തു.