20 വയസ്സുകാരന്‍ തന്നെ പന്ത്രണ്ടാം വയസ്സില്‍ ചതിച്ചു; പിന്നീട് 5 വര്‍ഷം കൊണ്ട് ആയിരത്തിലധികം ആളുകള്‍ പീഡിപ്പിച്ചു; പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട 23കാരിയുടെ വെളിപ്പെടുത്തല്‍

single-img
28 October 2017

മാംസക്കച്ചവട സംഘത്തിലകപ്പെട്ട അനുഭവം തുറന്ന് പറയുകയാണ് മനുഷ്യക്കടത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ലോകമെമ്പാടും പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്‍ല ജെസിന്റോ. മെക്‌സിക്കോയിലെ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തക കൂടിയായ കാര്‍ലോ യുഎസ് ജനറല്‍ അസംബഌയിലാണ് തന്റെ കഥ വെളിപ്പെടുത്തിയത്. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതാണ് കാര്‍ലയുടെ അനുഭവം.

തകര്‍ന്ന ഒരു കുടുംബമായിരുന്നു തന്റേത്. കുട്ടിക്കാലത്തു തന്നെ അമ്മ ഉപേക്ഷിച്ചു പോയി. അഞ്ചാം വയസ്സിലാണ് ആദ്യമായി തന്നെ ബന്ധുക്കളില്‍ ഒരാള്‍ പീഡിപ്പിക്കുന്നതെന്ന് കാര്‍ല ജെസിന്റോ പറയുന്നു. 12 ആം വയസ്സിലാണ് മെക്‌സിക്കന്‍ പെണ്‍വാണിഭ സംഘത്തിന്റെ കയ്യില്‍ കാര്‍ല അകപ്പെടുന്നത്. അതൊരു ചതിയായിരുന്നു എന്ന് കാര്‍ല പറഞ്ഞു. കൂട്ടുകാരോടൊത്ത് ബസ്സു കാത്തു നിന്നപ്പോള്‍ ഒരു കുട്ടി തനിക്ക് ചില മിഠായികള്‍ സമ്മാനിച്ചു.

ഒരാള്‍ തന്നതാണെന്നു പറഞ്ഞു. പിന്നീട് ഇയാളെ പരിചയപ്പെട്ടു. അയാള്‍ക്കപ്പോള്‍ 20 വയസ്സു പ്രായമുണ്ടാവും. ഈ ചങ്ങാത്തമാണ് തന്നെ ഈ അനുഭവങ്ങളിലേയ്ക്ക് തള്ളിയിട്ടതെന്നും കാര്‍ല പറയുന്നു. ഒരു ദിവസം ഇയാള്‍ ഒരു വിലകൂടിയ കാറുമായി വന്നു.

എന്നെപ്പോലുള്ള ഒരാള്‍ക്ക് സ്വപ്നത്തില്‍ മാത്രം കാണാവുന്ന ഒന്ന്. അയാളോടൊപ്പം ആ കാറില്‍ കയറി. ഈ യാത്ര എത്തിയത് ചില മനുഷ്യ കച്ചവടക്കാരുടെ കൈകളിലാണ്. ഇയാള്‍ ഇവരുടെ ആളാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും കാര്‍ല വ്യക്തമാക്കി.

ആദ്യ ദിവസങ്ങള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നീട് ചില പരിശീലനങ്ങല്‍ നല്‍കി. പക്ഷേ അതു മനസ്സിലാക്കിയല്ല ചെയ്തത്. അനുസരിക്കുക എന്നതു മാത്രമായിരുന്നു മാര്‍ഗ്ഗമുണ്ടായിരുന്നത്. ഇരിക്കുന്നതും നില്‍ക്കുന്നതും പിന്നെ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ഉള്ള പോസുകളും പരിശീലിപ്പിച്ച ശേഷമാണ് ഞങ്ങളെ ഓരോരുത്തരുടേയും കിടക്കയിലേയ്ക്ക് വിട്ടത്. ഇതിനിടയില്‍ കടുത്ത മര്‍ദ്ദനങ്ങളും പീഡനവും അനുഭവിക്കേണ്ടി വന്നെന്നും കാര്‍ല പറയുന്നു.

ദിവസവും രാവിലെ പത്തുമണിക്ക് തന്നെ സംഘം തങ്ങളെ ജോലിക്കായി കൊണ്ടുചെന്നാക്കും. വ്യഭിചാര ശാലകള്‍, വാഹനങ്ങള്‍, വീടുകള്‍, തെരുവുകള്‍ തുടങ്ങി എവിടെയും ജോലി ചെയ്യണം. മെക്‌സിക്കോയില്‍ താന്‍ പോകാത്ത ഹോട്ടലുകള്‍ ഇല്ലെന്നു തന്നെ കാര്‍ല പറയുന്നു. ഒരുദിവസം കുറഞ്ഞതു 30 പേരെയെങ്കിലും ഇടപാടുകാരായി ഇവര്‍ എത്തിക്കും. ആഴ്ചയില്‍ ഏഴു ദിവസവും ഇതാവര്‍ത്തിക്കുമെന്നും അവര്‍ ചൂട്ടിച്ചേര്‍ത്തു.

താന്‍ വേദന കൊണ്ട് കരയുമ്പോള്‍ ചിലര്‍ പൊട്ടിച്ചിരിക്കുമെന്നും കാര്‍ല പറയുന്നു. പലപ്പോഴും കണ്ണുകളടച്ച് കിടക്കും. എതിര്‍ത്തെന്തെങ്കിലും പറഞ്ഞാല്‍ വാണിഭ സംഘത്തലവന്മാരുടെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയമാകേണ്ടി വരുമെന്നും കാര്‍ല വെളിപ്പെടുത്തി. ഇടിയും തൊഴിയും തുടങ്ങി ക്രൂരമായ ശിക്ഷാ മുറകളാണ്. മുടിയില്‍ പിടിച്ച് ചുഴറ്റും മുഖത്ത് തുപ്പും ശരീരം പൊള്ളിക്കും.

പീഡനങ്ങള്‍ തുടരുന്നതിനിടെ 15 ആം വയസ്സില്‍ ഗര്‍ഭിണിയായി. ആ കാലത്തു പോലും തന്നെ അവര്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയെങ്കിലും ഒരു മാസം കഴിഞ്ഞപ്പോള്‍ പെണ്‍വാണിഭ സംഘം ബലമായി കുട്ടിയെ തട്ടിയെടുത്തു.

പിന്നീട് ഒരിക്കല്‍ മാത്രമാണ് ഈ കുട്ടിയെ താന്‍ കണ്ടതെന്നും അവര്‍ പറയുന്നു. ഇവരുടെ താവളത്തില്‍ പൊലീസ് റെയ്ഡ് നടത്തിയപ്പോള്‍ രക്ഷപ്പെടുമെന്ന് കരുതി. എന്നാല്‍ അതു നടന്നില്ല. പൊലീസുകാര്‍ ഇവിടെ റെയ്ഡു നടത്തും. പക്ഷേ ഇതെല്ലാം പേരിനു മാത്രമാണ്. വാണിഭ സംഘവുമായുള്ള ധാരണയനുസരിച്ചാണിതൊക്കെ നടക്കുന്നത്. യുവതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളുമെടുക്കാനാണ് പൊലീസുകാര്‍ക്കും താല്‍പ്പര്യമെന്നും കാര്‍ല വെളിപ്പെടുത്തി.

ഒടുവില്‍ 2008ല്‍ ഇതു പോലെ ഒരു റെയ്ഡിലൂടെയാണ് താന്‍ മോചിപ്പിക്കപ്പെടുന്നത്. അപ്പോള്‍ തനിക്ക് 16 വയസ്സായിരുന്നു. നാലരവര്‍ഷം നീണ്ട തന്റെ നരക ജീവിതത്തില്‍ നിന്നും മോചനം. അതാണ് തനിക്കു പ്രതീക്ഷ നല്‍കിയതെന്നും കാര്‍ല പറഞ്ഞു.

മെക്‌സിക്കോ സിറ്റിയില്‍ മനുഷ്യക്കടത്തിനെതിരെ നടന്ന ഓപ്പറേഷനിലാണ് സംഘത്തിന്റെ പിടിയില്‍ നിന്നും മോചിതയാകുന്നത്. 23 കാരിയായ കാര്‍ല ഇപ്പോള്‍ മെക്‌സിക്കോയില്‍ മനുഷ്യക്കടത്തിനെതിരെ ജനങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകാണ്.

നിരവധി കുട്ടികളാണ് ഈ സംഘത്തിന്റെ പിടിയിലകപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നതെന്ന് കാര്‍ല പറയുന്നു. മെക്‌സിക്കോയില്‍ ഓരോ വര്‍ഷവും 20,000 ത്തോളം സ്ത്രീകള്‍ മനുഷ്യക്കടത്തുകാരുടെയും, പെണ്‍വാണിഭ സംഘങ്ങളുടെയും പിടിയില്‍പ്പെട്ട് നിര്‍ബന്ധിത ലൈംഗിക വൃത്തിയിലേക്ക് നയിക്കപ്പെടുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും വെളിപ്പെടുത്തുന്നു.