താമരശേരി ചുരത്തിലെ ഏഴാം വളവില്‍ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി; വാഹന ഗതാഗതം തടസ്സപ്പെട്ടു

single-img
28 October 2017

വയനാട് താമരശേരി ചുരത്തിലെ ഏഴാം വളവില്‍ ബസ് കുടുങ്ങിയതിനേത്തുടര്‍ന്ന് ഗതാഗത തടസ്സം. ഇന്ന് പുലര്‍ച്ചെയാണ് ബെംഗലുരുവില്‍ നിന്നും വന്ന കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസ് ചുരത്തില്‍ കുടുങ്ങിയത്. ഇതോടെ ഇരുവശത്തു നിന്നുമുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുകയായിരുന്നു.

പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. ഇതേത്തുടര്‍ന്നും രണ്ട് മണിക്കൂര്‍ ഗതാഗതം മുടങ്ങിയിരുന്നതായി യാത്രക്കാര്‍ പറയുന്നു. ഈ കാര്‍ കിടന്നതിനാല്‍ വളവില്‍ ബസ് ഒടിച്ചെടുക്കാന്‍ പറ്റിയില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.

കെഎസ്ആര്‍ടിസി താമരശ്ശേരി ഗാരേജില്‍ നിന്നും മെക്കാനിക്കുകള്‍ എത്തിയാലേ എന്തെങ്കിലും ചെയ്യാനാകൂ. അധികൃതര്‍ യാതൊരു സഹായങ്ങളും ഇതുവരെ ചെയ്തില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. വാഹനങ്ങളിലെ യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയാണ്. ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. വാഹനങ്ങളുടെ വലിയ നിര തന്നെയാണു ചുരത്തില്‍ ദൃശ്യമാകുന്നത്.