കെപിസിസി പട്ടിക: കൊടിക്കുന്നിലിനെ തള്ളി ഉമ്മന്‍ ചാണ്ടി; തന്റെ കാര്യം മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുമെന്ന് പി.സി.വിഷ്ണുനാഥ്

single-img
28 October 2017

കെപിസിസി പട്ടികയില്‍നിന്ന് പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കണമെന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ആവശ്യത്തെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു കാരണവശാലും വിഷ്ണുനാഥിനെ കെ.പി.സി.സി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി ആലപ്പുഴയില്‍പറഞ്ഞു.

നിലവില്‍ വിഷ്ണുനാഥ് എ.ഐ.സി.സി സെക്രട്ടറിയാണ്. ആ നിലയില്‍ സ്വാഭാവികമായും കെ.പി.സി.സി അംഗമാകും. പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളൊന്നുമില്ല. എല്ലാം പരിഹരിച്ചുവരികയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം തന്നെ കെ.പി.സി.സിയില്‍ ഉള്‍പ്പെടുത്തണോയെന്ന കാര്യം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുമെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു.

24 വയസ്സു മുതല്‍ താന്‍ കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍നിന്നുള്ള കെപിസിസി അംഗമാണ്. പാര്‍ട്ടിയില്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, വിഷ്ണുനാഥിനെ കെപിസിസി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എഴുകോണ്‍ ബ്ലോക്കില്‍നിന്നു വിഷ്ണുനാഥിന്റ പേരാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ വിഷ്ണുനാഥിനെ ഒഴിവാക്കി പകരം തന്റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നായിരുന്നു കൊടിക്കുന്നിലിന്റെ ആവശ്യം. പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റെ പേര് കണ്ടതോടെ കൊടിക്കുന്നില്‍ പരാതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ചിരുന്നു.

2004 ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ എഴുകോണ്‍ ബ്‌ളോക്കില്‍ നിന്നാണ് വിഷ്ണുനാഥ് കെ.പി.സി.സിയിലെത്തിയത്. 2010 ല്‍ പുനഃസംഘടന വന്നപ്പോള്‍ വിഷ്ണുനാഥ് എം.എല്‍.എ ആയിരുന്നതിനാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് കെ.പി.സി.സിയിലേക്ക് നോമിനേറ്റ് ചെയ്തു.

എന്നാല്‍ ഇപ്പോള്‍ എം.എല്‍.എ അല്ലാത്തതിനാലാണ് വീണ്ടും എഴുകോണ്‍ ബ്‌ളോക്കില്‍ നിന്ന് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. മാത്രമല്ല കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍പ്പെട്ട ആളുമാണ്.