ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളില്‍ ഐ ഫോണ്‍ X ന്റെ സ്റ്റോക്ക് തീര്‍ന്നു

single-img
28 October 2017

ന്യൂഡല്‍ഹി: ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളില്‍ ഐ ഫോണ്‍ X ന്റെ സ്റ്റോക്ക് തീര്‍ന്നെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഇകൊമേഴ്‌സ് സൈറ്റുകളിലാണ് 12.30ന് ബുക്കിങ് ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ രണ്ട് സൈറ്റുകളിലും ഐ ഫോണ്‍ X ഔട്ട് ഓഫ് സ്റ്റോക്ക് ആണെന്നാണ് റിപ്പോര്‍ട്ട്.

മികച്ച ഓഫറുകളാണ് ഐ ഫോണ്‍ വില്‍പനയ്ക്കായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഒരുക്കിയിരുന്നത്. സിറ്റി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ കാഷ് ബായ്ക്ക് രണ്ടുസൈറ്റുകളും നല്‍കിയിരുന്നു. കൂടാതെ റിലയന്‍സ് ജിയോയുമായി സഹകരിച്ച് 70ശതമാനം ബൈ ബാക്ക് ഓഫറും ആമസോണ്‍ നല്‍കി.

ഈ ഓഫര്‍ ലഭിക്കാന്‍ ജിയോയുടെ 799 രൂപയുടെതോ അതില്‍ മുകളിലുള്ളതോ ആയ പ്ലാന്‍ 12 മാസത്തേയ്ക്ക് എടുക്കണം. നവംബര്‍ മൂന്നുമുതല്‍ ഡിസംബര്‍ 31വരെയാണ് ഈ ആനുകൂല്യമുള്ളത്. അതുപോലെ ഐ ഫോണ്‍ Xനൊപ്പം ആപ്പിള്‍ ഇയര്‍പോഡ് വാങ്ങിയാല്‍ 15,000 രൂപ കാഷ് ബാക്ക് ഓഫറാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നത്.

ഐ ഫോണിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 3 വാങ്ങിയാല്‍ 20,000 രൂപയാണ് ലഭിക്കുക. 89,000 രൂപയാണ് ഐ ഫോണ്‍ Xന്റെ ഇന്ത്യയിലെ വില.