ഹാദിയയുടെ നിലവിലെ അവസ്ഥയെ കുറിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

single-img
28 October 2017

തിരുവനന്തപുരം: വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലവിലെ അവസ്ഥയെ കുറിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ഹാദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.

ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുള്ളതായും ഹാദിയ വ്യക്തമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടിരുന്നു. കോട്ടയം എസ്പിയോടാണ് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചത്.

ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കണമെന്നാണ് നിര്‍ദേശം. ഹാദിയയെ ഉറക്കിക്കിടത്താന്‍ മരുന്ന് നല്‍കുകയാണെന്നും ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടിരുന്നു.

കേസ് ഒക്‌ടോബര്‍ 30ന് സുപ്രീംകോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ നിന്നുള്ള വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. ആഗസ്റ്റില്‍ വൈക്കത്തെ വീട്ടില്‍ ഹാദിയയെ സന്ദര്‍ശിച്ചപ്പോള്‍ ചിത്രീകരിച്ചതാണ് വിഡിയോയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

‘ഞാന്‍ നാളെയോ മറ്റന്നാളോ മരണപ്പെടും. എനിക്കുറപ്പാണ്. അതെനിക്കറിയാം. എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട്. കൈയിലും കാലിലുമൊക്കെ ചവിട്ടുകയും ചെയ്യുന്നുണ്ട്. എപ്പോഴെങ്കിലും എന്റെ തലയിലോ ശരീരത്തോ ഇടിക്കുകയോ ഞാന്‍ മരണപ്പെടുകയോ ചെയ്താല്‍.. എന്ന് പറയുന്നിടത്ത് രാഹുല്‍ വീഡിയോ അവസാനിപ്പിക്കുകയായിരുന്നു. ഹാദിയയുടെ കൂടുതല്‍ വിഡിയോകള്‍ കൈവശമുണ്ടെന്നും അവ വനിത കമീഷന് കൈമാറിയിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.