സെല്‍ഫി വിത്ത് ‘ഗോമാത’ പുതിയ ആപ്പുമായി ആര്‍.എസ്.എസ്

single-img
28 October 2017

കൊല്‍ക്കത്ത: ഗോമാതാവിനൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കാന്‍ ഇനി പുതിയ മൊബൈല്‍ ആപ്പും.
പശുവിന്റെ ഗുണഗണങ്ങള്‍ പ്രചരിപ്പിക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ആര്‍.എസ്.എസ് പിന്തുണയുള്ള ഗോസേവ പരിവാറാണ് രംഗത്തെത്തിയത്.

സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും മത്സരാര്‍ത്ഥികളുടെ സൗകര്യത്തിനുമായാണ് പുതിയ ആപ്പ് ഇറക്കിയതെന്ന് ഗോസേവ പരിവാര്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഗോമാതാവിനൊപ്പം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ഗോവധത്തിനെതിരെ പോരാടാന്‍ ലക്ഷ്യമിട്ട് 2015ലാണ് സെല്‍ഫി വിത്ത് ഗോമാത’ മത്സരം നടത്തിയത്.

എന്നാല്‍ ഇതിന്റെ എന്‍ട്രികള്‍ ക്ഷണിച്ചപ്പോള്‍ വാട്‌സ്ആപ്പിലൂടെ അയക്കുന്നതിന് മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അതേസമയം പുതിയ ആപ്പ് എന്‍ട്രികള്‍ അയക്കുന്നതും തെരഞ്ഞെടുക്കുന്നതും എളുപ്പത്തിലാക്കുമെന്ന് ഗോസേവ പരിവാര്‍ നേതാവ് ലളിത് അഗര്‍വാള്‍ പറഞ്ഞു.

ഈ ആപ്പിലൂടെ ഗോമാതാവിനെക്കുറിച്ചുള്ള ഗുണങ്ങള്‍ പ്രചരിപ്പിക്കാനും പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിട്ടുണ്ട്. പശുവിനെ പരിചരിക്കുന്നത് മനുഷ്യരാശിയെ മുഴുവന്‍ പരിചരിക്കുന്നതിന് തുല്യമാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം മത്സരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും തങ്ങള്‍ ഈ ആശയത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് അറിയിച്ചു.