‘ആര്‍ക്ക് കുത്തിയാലും വോട്ട് താമരയ്ക്ക്’: ഗുജറാത്തില്‍ ബി.ജെ.പിയുടെ 138 കള്ളവോട്ടിംഗ് മെഷീനുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

single-img
28 October 2017

ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈകിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഇ.ടി.വി ന്യൂസ് ഗുജറാത്തി രംഗത്ത് എത്തിയിരിക്കുന്നത്.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കണ്ടെത്തിയതായാണ് ഇ.ടി.വി ന്യൂസ് ഗുജറാത്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 14ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്ന് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നാണ് വാര്‍ത്ത.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ഇ.ടി.വി ബുധനാഴ്ച ഈ വാര്‍ത്ത പുറത്തുവിട്ടെങ്കിലും മുഖ്യധാരാ ദേശീയ മാധ്യമങ്ങളൊന്നും ഇത് ഏറ്റെടുത്തിട്ടില്ല. വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് വോട്ടറെ ബോധ്യപ്പെടുത്തുന്ന വിവിപാറ്റ് ഘടിപ്പിച്ച യന്ത്രങ്ങളിലാണ് കൃത്രിമം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാംഗ്ലൂരിലെ കമ്പനിയില്‍ നിന്ന് എത്തിച്ചവയാണ് ഈ യന്ത്രങ്ങള്‍ എന്നും കൃത്രിമം കണ്ടെത്തിയതോടെ ഇവ കമ്പനിയിലേക്കു തന്നെ തിരിച്ചയച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.