ബാബ്‌റി മസ്ജിദ് കേസ്: രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ബോര്‍ഡ്

single-img
28 October 2017

അയോധ്യ: ബാബ്‌റി മസ്ജിദ് കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍ക്കുന്നതിനായി ശ്രീ.ശ്രീ. രവിശങ്കറുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി).

മുമ്പൊരിക്കല്‍ രവിശങ്കറിന്റെ മധ്യസ്ഥന്‍ തന്നെ വിളിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായി ബാബരി ആക്ഷന്‍ കമ്മിറ്റി അംഗം ഹാജി മെഹബൂബ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. താന്‍ അവരെ സ്വാഗതം ചെയ്തിരുന്നു.

ചിലപ്പോള്‍ അവര്‍ ഹിന്ദു പ്രതിനിധികളുമായി സംസാരിച്ചിരിക്കാം. എന്നാല്‍ തങ്ങളോട് ഇതുവരെ സംസാരിക്കുകയോ എന്തെങ്കിലും സന്ദേശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും മെഹബൂബ് പറഞ്ഞു. ബാബ്‌റി വിഷയം പരിഹരിക്കാനുള്ള രവിശങ്കറിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഹാജി മെഹബൂബിന്റെ നിഷേധം.

അതേസമയം, ബാബറി വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രവിശങ്കറിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും നിയമ പരിഹാരത്തേക്കാള്‍ മധ്യസ്ഥ ചര്‍ച്ചകളാണ് ഉചിതമെന്നും പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കെ.ടി.എസ് തുള്‍സി അഭിപ്രായപ്പെട്ടു.