ആഭ്യന്തര വിമാന യാത്രയ്ക്ക് ‘മൊബൈല്‍ ആധാര്‍’ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം

single-img
28 October 2017

ഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രയില്‍ തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് വ്യോമയാന സുരക്ഷാ ഏജന്‍സി. പുതുക്കിയ മാനദണ്ഡ പ്രകാരം പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കുന്നതിനു പകരമായി ഇനിമുതല്‍ മൊബൈല്‍ ആധാര്‍ കാര്‍ഡും ഉപയോഗിക്കാന്‍ സാധിക്കും.

വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് യാത്രക്കാരെ തിരിച്ചറിയുന്നതിന് ഫോട്ടോ പതിപ്പിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഏതെങ്കിലുമൊന്നിന്റെ യഥാര്‍ഥ കോപ്പി കൈവശം വെക്കണമെന്നും ബി.സി.എ.എസ് ഒക്ടോബര്‍ 26 ന് പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ദേശസാല്‍കൃത ബാങ്കിന്റെ പാസ്ബുക്ക്, പെന്‍ഷന്‍ കാര്‍ഡ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്രസംസ്ഥാന സര്‍ക്കാറിന്റെ സര്‍വീസ് ഫോട്ടോ ഐ.ഡി കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്. ിന്നശേഷിയുള്ളവര്‍ക്ക് ഫോട്ടോയോ തിരിച്ചറിയല്‍ കാര്‍ഡോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ഉപയോഗിക്കാം.

വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാവുന്നതാണ്. രക്ഷിതാക്കള്‍ക്കൊപ്പമുള്ള നവജാത ശിശുക്കള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമില്ലെന്നും ബി.സി.എ.എസ് അറിയിച്ചു. അന്താരാഷ്ട്ര സര്‍വീസ് ഉപയോഗപ്പെടുത്തുന്നവര്‍ പഴയ മാനദണ്ഡങ്ങള്‍ പാലിക്കണം.