‘വില്ലന്‍’ ആദ്യഷോ കാണാന്‍ പുലര്‍ച്ചെ തിയേറ്ററിലെത്തി; ലാലേട്ടന്റെ സ്റ്റണ്ട് കണ്ട് ആവേശം മൂത്തപ്പോള്‍ പടം മൊബൈലില്‍ പകര്‍ത്തി; യുവാവിനെ പോലീസ് കയ്യോടെ പിടികൂടി

single-img
27 October 2017

കണ്ണൂര്‍ സവിത തിയേറ്ററില്‍ ആയിരുന്നു സംഭവം. രാവിലെ എട്ടിനു ഫാന്‍സ് ഷോ ഏര്‍പ്പാടാക്കിയിരുന്നു. ഇത് കാണാനായി മലയോരമേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്നുള്ള മുപ്പത്തിമൂന്നുകാരനായ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പുലര്‍ച്ചെ തന്നെ എത്തിയിരുന്നു.

പടം തുടങ്ങിയപ്പോള്‍ യുവാവിന് ആവേശമായി. പടത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ വന്നതോടെ ഇയാള്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് പടം റെക്കോഡു ചെയ്യുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ വിവരം അറിയിച്ചു.

എന്നാല്‍ പടം ചോര്‍ത്താനോ വ്യാജപകര്‍പ്പുണ്ടാക്കാനോ ഒന്നും യുവാവിനു പരിപാടിയുണ്ടായിരുന്നില്ലെന്നാണു പൊലീസിന്റെ നിഗമനം. ചെമ്പന്തൊട്ടിയില്‍ നിന്നു പുലര്‍ച്ചെ പുറപ്പെട്ടാണു യുവാവു നഗരത്തിലെത്തിയതെന്നും ആരാധനയും ആവേശവും മൂത്തു ചെയ്തു പോയതാണെന്നും പോലീസ് അറിയിച്ചു.

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വില്ലന്‍’ ഇന്നായിരുന്നു റിലീസ് ചെയ്തത്. നാനൂറോളം സീറ്റുള്ള തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാന്‍സുകാര്‍ മുന്‍കൂട്ടി വാങ്ങിയാണു പ്രദര്‍ശനമൊരുക്കിയത്.