മുസ്ലീങ്ങള്‍ താജ്മഹലില്‍ നിസ്‌കരിക്കുന്നത് നിരോധിക്കണമെന്ന് ആര്‍എസ്എസ്; ‘ഇല്ലെങ്കില്‍ ശിവപ്രാര്‍ഥനയും അനുവദിക്കണം’

single-img
27 October 2017

ആഗ്ര: താജ്മഹലില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന നിസ്‌കാരം നിരോധിക്കണമെന്ന് ആര്‍എസ്എസ്. മുസ്ലീങ്ങള്‍ താജ്മഹലില്‍ നിസ്‌കരിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥനക്ക് അനുമതി നല്‍കണമെന്നുമാണ് ആര്‍എസ്എസ് ഹിസ്റ്ററി വിങ് സംഘ് അഖില്‍ ഭാരതീയ് ഇതിഹാസ് സംഘലന്‍ സമിതിയുടെ ആവശ്യം.

താജ്മഹല്‍ ദേശീയ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അതിനാല്‍ മുസ്ലീങ്ങളുടെ മതപരമായ സ്ഥലമായി അവിടം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സംഘടനയുടെ ദേശീയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഡോ. ബാല്‍മുകുന്ദ് പാണ്ഡെ ആവശ്യപ്പെട്ടു.

മുസ്ലീങ്ങള്‍ക്ക് താജ്മഹലില്‍ നിസ്‌കാരം നടത്തുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് അവിടെ ശിവപ്രാര്‍ത്ഥന നടത്താനും അനുവാദം നല്‍കണമെന്നും ബാല്‍മുകുന്ദ് പാണ്ഡെ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹിന്ദു യുവ വാഹിനി സംഘടന അംഗങ്ങള്‍ താജ് മഹല്‍ പരിസരത്തേക്ക് അതിക്രമിച്ച് കടക്കുകയും, ശിവസ്തുതികള്‍ പാടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഷാജഹാന്‍ പിടിച്ചടക്കുന്നതിന് മുന്‍പ് താജ് മഹല്‍ ശിവ ക്ഷേത്രമാണെന്ന് ആരോപിച്ചായിരുന്നു ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ നടപടി. തേജോമഹാലയ് എന്ന ശിവക്ഷേത്രം തകര്‍ത്താണ് താജ്മഹല്‍ പണിതതെന്ന് ഹിന്ദു യുവവാനി നേതാവ് ദീപക് ശര്‍മ നേരത്തെ പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള താജ്മഹലില്‍ മുസ്ലിങ്ങള്‍ക്ക് നമസ്‌കരിക്കാമെങ്കില്‍ ഹിന്ദുക്കള്‍ക്ക് എന്തുകൊണ്ട് ‘ശിവ്ചാലിസ’ നടത്തിക്കൂടെന്നും ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുമെന്നും ദീപക് മിശ്ര പറഞ്ഞിരുന്നു. അതേസമയം ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനകരമാണെന്നും കയ്യേറ്റ സ്ഥലത്താണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവന വിവാദത്തിലായതിനു പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു.

‘ഇന്ത്യക്കാര്‍ വിയര്‍പ്പും രക്തവും ഒഴുക്കി പണിതതാണ് താജ്മഹല്‍. അത് കാത്ത് സുക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നുമായിരുന്നു യോഗിയുടെ വാക്കുകള്‍. നേരത്തെ ബി.ജെ.പി എം.എല്‍.എ സംഗീത് സോമായിരുന്നു താജ്മഹലിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനകരമാണെന്നായിരുന്നു സംഗീത് സോമിന്റെ പ്രസ്താവന.