പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍

single-img
27 October 2017

ലോകത്തിലെ ഏറ്റവും വേഗമേറിയ കാറിന്റെ പരീക്ഷണ ഓട്ടം ഇംഗ്ലണ്ടില്‍ നടന്നു. റോക്കറ്റ് മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന സൂപ്പര്‍ സോണിക് കാര്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ണ്ണമായും സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്.

കാഴ്ചയില്‍ ഒരു റോക്കറ്റിന്റെ ലുക്കുണ്ടെങ്കിലും പൂര്‍ണമായും ഒരു കാര്‍ തന്നെയാണിത്. ആളുകള്‍ക്ക് മുന്നില്‍ ആദ്യമായാണ് സൂപ്പര്‍ സോണിക് കാര്‍ പ്രദര്‍ശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ന്യൂകി വിമാനത്താവളത്തില്‍ വെച്ചായിരുന്നു ആദ്യ പരീക്ഷണ ഓട്ടം നടന്നത്. മണിക്കൂറില്‍ ആയിരത്തി അറന്നൂര്‍ കിലോമീറ്റര്‍ വേഗം കൈവരിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

എട്ട് മിനുറ്റില്‍ 200 മൈല്‍ വേഗം കൈവരിക്കാനാകുമെന്ന് ആദ്യമായി കാര്‍ ഓടിച്ച അന്‍ഡി ഗ്രീന്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും സൂപ്പര്‍സോണിക് കാറിന്റെ പരീക്ഷണ ഓട്ടങ്ങളും മറ്റും നടക്കുന്നുണ്ട്. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരിക്കും പൂര്‍ണമായും സജ്ജമായ കാര്‍ ഓട്ടത്തിനായി പുറത്തിറങ്ങുക.