‘രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍; പപ്പു എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് ശരിയല്ല’; മോദി തരംഗം അവസാനിച്ചുവെന്നും ശിവസേന

single-img
27 October 2017

മുംബൈ: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതികരണവുമായി ശിവസേന എംപി സഞ്ജയ് റൗത്ത്. മോദി തരംഗം അവസാനിച്ചെന്നും രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ബിജെപിയുമായുള്ള ബന്ധത്തിലെ വിള്ളല്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ് റാവത്തിന്റെ പ്രതികരണം. ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് റാവത്തിന്റെ പ്രതികരണം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ വിനോദ് താവ്‌ദെയുടെ സാന്നിധ്യത്തിലായിരുന്നു ശിവസേന നേതാവ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

രാജ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രാപ്തനാണ്. അദ്ദേഹത്തെ ഇനിയും പപ്പു എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണ്, വോട്ടര്‍മാര്‍. ഗുജറാത്തില്‍ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും സംസ്ഥാനത്ത് പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനൊപ്പമാണ് ശിവസേനയെന്നും റാവത്ത് വ്യക്തമാക്കി.

ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള അമര്‍ഷം ഒരു മുന്നറിയിപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് തിരിച്ചടിയാകും. ജനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയെന്നും അവര്‍ക്ക് ആരെയും പപ്പുവാക്കാന്‍ കഴിയുമെന്നും റാവത്ത് പറഞ്ഞു.

എന്‍ഡിഎ സഖ്യകക്ഷിയാണെങ്കിലും മോദിക്കും ബിജെപിക്കുമെതിരെ നിരന്തരം രംഗത്തുവരുന്ന ശിവസേനയുടെ പുതിയ ആരോപണം വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.