സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളവര്‍ധനവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

single-img
27 October 2017

ഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളവര്‍ധനവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ശമ്പളവര്‍ധന സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച മിനിമം വേതന സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതാണ് സുപ്രീംകോടതി തടഞ്ഞത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്.

ഹര്‍ജി നവംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. ആ ദിവസം വരെയാണ് വേതനവര്‍ദ്ധനവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി ഈ മാസം 19 ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് തീരുമാനമെടുത്തത്.

ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷ്ണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേയാണ് ആശുപത്രി മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളവര്‍ധനയും ജോലി പരിഷ്‌കരണവും സംബന്ധിച്ച പഠനത്തിനായി സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു.

നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളമായി 20,000 രൂപ നല്‍കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശിപാര്‍ശ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശമ്പളവര്‍ധനവിന് തീരുമാനമെടുക്കുകയാണെന്ന് ലേബര്‍ കമ്മീഷ്ണര്‍ മിനിമം വേതന സമിതി യോഗത്തില്‍ അറിയിച്ചു.

ഈ ശുപാര്‍ശ അംഗീകരിച്ചാണ് ലേബര്‍ കമ്മീഷ്ണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ തൊഴിലാളി യൂണിയന്റെയും നഴ്‌സുമാരുടെ യൂണിനുകളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം ശമ്പളവര്‍ധനവിന് റിപ്പോര്‍ട്ട് നല്‍കിയത്. മാനേജ്‌മെന്റ് പ്രതിനിധികളുടെ വിയോജിപ്പോടെയാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

മാനേജ്‌മെന്റുകള്‍ക്ക് പരാതിയുണ്ടെങ്കില്‍ അഡൈ്വസറി ബോര്‍ഡില്‍ പരാതികള്‍ അറിയിക്കാമെന്നും അവിടെ പരാതി പരിശോധിക്കുമെന്നും യോഗത്തില്‍ ലേബര്‍ കമ്മീഷ്ണര്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

20 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രിയിലെ നേഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 20000 രൂപയാക്കിക്കൊണ്ടാണ് മിനിമം വേതനസമിതി തീരുമാനമെടുത്തത്. ഇത് നടപ്പിലായാല്‍ കൂടുതല്‍ കിടക്കകളുള്ള വലിയ ആശുപതികളില്‍ ആനുപാതികമായി ശമ്പളം വര്‍ധിക്കുമായിരുന്നു.