സംഘപരിവാര്‍, ഫാസിസ്റ്റ് വിരുദ്ധ വേദികളില്‍ സജീവമായി റിജില്‍ മാക്കുറ്റി; അഞ്ച് മാസം കഴിഞ്ഞിട്ടും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ പാര്‍ട്ടി

single-img
27 October 2017

കന്നുകാലി വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കന്നുകുട്ടിയെ കശാപ്പ് ചെയ്ത സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കം നാല് പേരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ സഭവം നടന്ന് അഞ്ച് മാസമായിട്ടും റിജില്‍ മാക്കുറ്റിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ കണ്ണൂര്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അതൃപ്തിയിലാണ്. പാര്‍ട്ടിയില്‍നിന്ന് പുറത്താണെങ്കിലും സംഘപരിവാര്‍, ഫാസിസ്റ്റ് വിരുദ്ധ വേദികളില്‍ ഇപ്പോഴും സജീവമാണ് റിജില്‍ മാക്കുറ്റി.

സോഷ്യല്‍ മീഡിയയിലും സംഭവത്തില്‍ റിജില്‍ മാക്കുറ്റിയെ അനുകൂലിക്കുന്നവരാണ് ഏറെയും. ആര്‍എസ്എസിനെയും സംഘപരിവാറിനെയും എതിര്‍ക്കുക മാത്രമാണ് റിജില്‍ മാക്കുറ്റിയും പ്രവര്‍ത്തകരും ചെയ്തത് എന്നും അതുകൊണ്ടുതന്നെ ഇവരെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കണമെന്നും കണ്ണൂര്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം ആളുകളും പറയുന്നു.

സംഭവത്തില്‍ മാപ്പപേക്ഷ നല്‍കുകയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസിക്കും സംസ്ഥാന നേതാക്കള്‍ക്കും കത്തു നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് റിജില്‍ മാക്കുറ്റി ഇ വാര്‍ത്തയോട് പറഞ്ഞു. സസ്‌പെന്‍ഷനിലായ ശേഷം കോണ്‍ഗ്രസ് നേതാക്കള്‍  റിജിലിനെ വിളിക്കുകയോ നടപടി പിന്‍വലിക്കാനുള്ള നീക്കം നടത്തുകയോ ചെയ്യാത്തതില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രോഷത്തിലാണ്.അഞ്ച് മാസം കഴിഞ്ഞിട്ടും റിജില്‍ മാക്കുറ്റിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്ത പാര്‍ട്ടി നടപടിക്കെതിരേ കെ.സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്കും ശക്തമായ അമര്‍ഷമുണ്ടെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍  ഇ വാര്‍ത്തയോട് പറഞ്ഞു.

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ സിപിഎം നേതൃത്വവും മുസ്‌ലിം ലീഗും റിജില്‍ മാക്കുറ്റിയെ അവരുടെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസിനൊപ്പമാണന്ന നിലപാടിലാണ് റിജില്‍ മാക്കുറ്റി. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായി ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെതിരേ ഇനിയും ചങ്കൂറ്റത്തോടെ പോരാട്ടം തുടരുമെന്നും റിജില്‍ പറയുന്നു.

കശാപ്പിനുള്ള കാലി വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കന്നുകുട്ടിയെ പരസ്യമായി അറുത്ത സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കശാപ്പ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം ദേശീയതലത്തില്‍ വിവാദമാവുകയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അപലപിക്കുകയും ചെയ്തിരുന്നു.