”വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് ആര്‍എസ്എസ് ബന്ധം?; കുട്ടിക്കാലത്ത് ശാഖ അംഗം; കോളേജില്‍ പഠിക്കുമ്പോള്‍ എ.ബി.വി.പി ചെയര്‍മാന്‍ സ്ഥാനാര്‍ഥി’

single-img
27 October 2017

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആര്‍.എസ്.എസ് ശാഖാ അംഗവും പഠിക്കുന്ന കാലത്ത് എ.ബി.വി.പി ചെയര്‍മാന്‍ സ്ഥാനാര്‍ഥിയും ആയിരുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. ബിജെപി താത്വിക ആചാര്യനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായ ജന്‍മദിന ആഘോഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തിലാണ് അനില്‍ അക്കര വിമര്‍ശനവുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

‘കുട്ടിക്കാലത്ത് എറണാകുളം ചേരാനെല്ലൂര്‍ ആര്‍.എസ്.എസ് ശാഖ അംഗമായിരുന്ന രവീന്ദ്രനാഥ് പിന്നീട് ഇ.എം.എസ് പഠിച്ച തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കി. ഇതെല്ലാം ശരിയെങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നു?’എന്ന ചോദ്യത്തോടെയാണ് എം.എല്‍.എയുടെ കുറിപ്പ്.

വിഷയം സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചപ്പോള്‍ ‘ഹിന്ദു പ്രതിനിധി വിദ്യാഭ്യാസ മന്ത്രിയായത് ബി.ജെ.പിയുടെ നേട്ടമാണ്’ എന്ന് സംഘപരിവാര്‍ സഹയാത്രികന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

ഇടതുപക്ഷം ഏറ്റെടുത്ത ബീഫ് ഫെസ്റ്റിവലിനെ രവീന്ദ്രനാഥ് വിമര്‍ശിച്ച് രംഗത്തു വന്നതും വിവാദമായി. സ്‌കൂളുകളിലെ ഭക്ഷണ മെനുവില്‍നിന്ന് സസ്യേതര വിഭവങ്ങള്‍ പൂര്‍ണമായി എടുത്തു കളയാന്‍ മന്ത്രി ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് ഇടക്കാലത്ത് ഉയര്‍ന്ന മറ്റൊന്ന്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭക്ഷണ മെനു സര്‍ക്കുലറില്‍ മാംസ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വിവാദമായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് പിന്നീട് രംഗത്തെത്തി. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘ് പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തത് സമീപ ദിവസങ്ങളില്‍ വിവാദമായതാണ്.

അതിന് പിന്നാലെയാണ് ആര്‍.എസ്.എസ് ആചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷ സര്‍ക്കുലര്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുന്നവെന്ന് വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് വാദം ഉണ്ടായി. എന്നാല്‍ ഈ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്നിരിക്കെ ഇടത്സര്‍ക്കാരിെന്റ നയത്തിന് വിരുദ്ധമായി സര്‍ക്കുലര്‍ ഇറങ്ങിയതില്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നു.