മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

single-img
27 October 2017

കോഴിക്കോട്: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. രാലിലെ 7.30ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.

മലയാളത്തില്‍ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരില്‍ പ്രമുഖനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. മലയാള സാഹിത്യത്തില്‍ ബഷീറിനുശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനെന്നാണ് കുഞ്ഞബ്ദുള്ള അറിയപ്പെട്ടിരുന്നത്. ലളിതമായ ഭാഷ, ഫലിതം, ജീവിതനിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത എന്നിവ കുഞ്ഞബ്ദുള്ളയുടെ എഴുത്തിലെ പ്രത്യേകതകളാണ്.

1940 ഏപ്രില്‍ 30ന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തു ജനിച്ച പുനത്തില്‍ കഥ, നോവല്‍ എന്നീ രംഗങ്ങളില്‍ തന്റെ സുവര്‍ണമുദ്ര പതിപ്പിച്ചു. ‘സ്മാരകശിലകള്‍’ എന്ന നോവലാണ് പുനത്തില്‍ എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. ചെറുകഥയ്ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. ‘സ്മാരകശിലകള്‍’ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്നും ബിരുദം നേടിയ പുനത്തില്‍, അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍നിന്നുമാണ് എം. ബി. ബി. എസ്. നേടിയത്. 1970 മുതല്‍ 1973 വരെ ഗവ. സര്‍വ്വീസില്‍ ഡോക്ടറായിരുന്ന പുനത്തില്‍ 74 മുതല്‍ 1996 വരെ സ്വകാര്യ നേഴ്‌സിംഗ്‌ഹോം നടത്തിവരുകയായിരുന്നു.

തുടര്‍ന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചു.ഏഴു നോവലെറ്റുകള്‍ക്കു പുറമേ 250 ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്.