മിമിക്രിക്കാരെ… നിങ്ങള്‍ മോദിയെ അനുകരിക്കാന്‍ ശ്രമിക്കരുത്; ഒരുപക്ഷേ നിങ്ങള്‍ക്ക് ശ്യാം രംഗീലയുടെ ഗതിവരും

single-img
27 October 2017

https://www.youtube.com/watch?time_continue=13&v=L42gBHOiDe8

റിയാലിറ്റി ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുന്നതിന് മിമിക്രി കലാകാരന് വിലക്ക്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ പ്രധാന വിധി കര്‍ത്താവായി എത്തുന്ന ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന റിയാലിറ്റി ഷോയിലാണ് സംഭവം.

നരേന്ദ്ര മോദിയെ അനുകരിക്കരുതെന്ന നിര്‍ദ്ദേശം ലഭിച്ചെന്നുള്ള പരാതി ഉന്നയിച്ച് രംഗത്തെത്തിയത്, കൊമേഡിയന്‍ ശ്യാം രംഗീലയാണ്. എപ്പിസോഡ് ഷൂട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോള്‍ തനിക്ക് റിയാലിറ്റി ഷോയുടെ പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് ഫോണ്‍ വന്നതായും ഈ ഭാഗം മാറ്റി ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ശ്യാം രംഗീല പറയുന്നു.

ആദ്യ അവതരണത്തില്‍ മോദിയേയും രാഹുല്‍ ഗാന്ധിയേയുമാണ് അനുകരിച്ചത്. എന്നാല്‍ അത് മാറ്റി മറ്റൊന്ന് അവതരിപ്പിക്കാന്‍ റിയാലിറ്റി ഷോ നടത്തിപ്പുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മോദിയെ അവതരിപ്പിക്കരുതെന്നും രാഹുലിനെ അവതരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അറിയിപ്പെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്‌ക്രിപ്റ്റ് തയ്യാറാക്കി. എന്നാല്‍ പിന്നാലെ അടുത്ത അറിയിപ്പും വന്നു. രാഹുലിനെ അനുകരിക്കരുതെന്നായിരുന്നു പിന്നീടുള്ള നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സ്‌ക്രിപ്റ്റ് മാറ്റി. പരിമിതമായ സമയത്തിനുള്ളിലാണ് സ്‌ക്രിപ്റ്റ് മാറ്റിയെഴുതിയത്.

ഇതിന്റെ പോരായ്മകളും അവതരണത്തില്‍ പ്രതിഫലിച്ചു. പരിശീലനക്കുറവ് മൂലം ഷോയില്‍ നിന്നും പുറത്തായെന്നും ശ്യാം പറഞ്ഞു. ഷോയുടെ ഭാഗമാകുക എന്നത് തന്റെ വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പേടി സ്വപ്‌നമാണെന്നും ശ്യാം കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ മോദിയുടെ ശബ്ദം അനുകരിക്കുന്ന ഈ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് സ്റ്റാര്‍പ്ലസ് ചാനലിലെ ലാഫ്റ്റര്‍ ചലഞ്ച് എന്ന അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ ഈ യുവാവ് എത്തിയത്.