ലാവലിന്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

single-img
27 October 2017

ലാവലിന്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റി. കേസിലെ മൂന്നും നാലും പ്രതികളായ ആര്‍ ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിചാരണയില്‍ നിന്ന് തങ്ങളെയും ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അന്വേഷണ ഏജന്‍സിയായ സിബിഐ ഇതുവരെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല. ഇന്ന് സിബിഐയുടെ അഭിഭാഷകനും കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് പരിഗണിച്ചപ്പോള്‍ ആര്‍ ശിവദാസന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്ത്ഗിയാണ് ഹര്‍ജി മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

കേസില്‍ സിബിഐ ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമായിരുന്നു റോത്ത്ഗി ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കോടതി നടപടികള്‍ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് സി.ബി.ഐ നിലപാട്.

ഹൈക്കോടതി വിധി റദ്ദാക്കി പിണറായി വിജയനെ വീണ്ടും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.ബി.ഐ അപ്പീല്‍ നല്‍കും. രാഷ്ട്രീയക്കാരെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കിയ നടപടി ശരിയായില്ലെന്നും കേസില്‍ എല്ലാ പ്രതികള്‍ക്കും കൂട്ടുത്തരവാദിത്വമാണെന്നുമാണ് സി.ബി.ഐ നിലപാട്.