കേസൊന്നും വേണ്ട, ആരാധകനല്ലേ വിട്ടേക്ക്: ലാലേട്ടന്‍ ക്ഷമിച്ചതോടെ മൊബൈലില്‍ ‘വില്ലന്‍’ പകര്‍ത്തിയ യുവാവിനെ പോലീസ് വിട്ടയച്ചു

single-img
27 October 2017

ഇന്ന് റിലീസായ തന്റെ ചിത്രം വില്ലനിലെ ചില രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കവെ പൊലീസ് പിടിയിലായ ആരാധകനോടു ലാലേട്ടന്‍ ക്ഷമിച്ചു. സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് വിതരണ കമ്പനി അധികൃതര്‍ എഴുതിക്കൊടുത്തതോടെ രാവിലെ പിടികൂടിയ ഇയാളെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.

മോഹന്‍ലാലിനോട് ആരാധന മൂത്ത് ‘വില്ലന്‍’ ആദ്യഷോ കാണാന്‍ അതിരാവിലെ തിയേറ്ററിലെത്തിയ ചെമ്പന്തൊട്ടി സ്വദേശിയാണു കണ്ണൂര്‍ സവിത തിയറ്റേറില്‍ നിന്ന് ഇന്നു രാവിലെ പിടിയിലായത്. മൊബൈലില്‍ പടം പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പൊലീസില്‍ അറിയിക്കുകയായിരുന്നു.

പടത്തിന്റെ ടൈറ്റില്‍ ഉള്‍പ്പെടെ കഷ്ടിച്ച് ഒന്നര മിനിറ്റ് ദൃശ്യങ്ങള്‍ മാത്രമാണു യുവാവിന്റെ മൊബൈലില്‍ നിന്നു പൊലീസിനു കണ്ടെത്താനായത്. മാത്രമല്ല, മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണു യുവാവ് എന്നും പൊലീസിനു ബോധ്യപ്പെട്ടു. മോഹന്‍ലാലിന്റെ എല്ലാ പടങ്ങളും ആദ്യദിവസം ആദ്യഷോ കാണുന്നതാണു ശീലം. അതിനു വേണ്ടി എന്തു വില കൊടുത്തും ടിക്കറ്റ് കരിഞ്ചന്തയില്‍ നിന്നു വരെ വാങ്ങും.

ടൗണ്‍ പൊലീസ് ‘വില്ലന്റെ’ സംവിധായകനുമായി ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. യുവാവു വില്ലനല്ല, ആരാധന മൂത്തതാണ് എന്നു മനസ്സിലായ സംവിധായകന്‍, മോഹന്‍ലാലിനോടും നിര്‍മാതാവിനോടും ആലോചിച്ച ശേഷം അറിയിക്കാമെന്നു മറുപടി നല്‍കി.

മോഹന്‍ലാല്‍ തിരുവനന്തപുരത്തു സിനിമ കാണുന്ന തിരക്കിലായിരുന്നു. തിരക്കു കഴിഞ്ഞു ലാലും സംവിധായകനും ഇക്കാര്യം സംസാരിച്ചു. തുടര്‍ന്ന്, പരാതിയില്ലെന്നു സംവിധായകന്‍ ടൗണ്‍ പൊലീസിനെ അറിയിച്ചു. പരാതിയില്ലെന്നു വിതരണക്കാരുടെ കണ്ണൂരിലെ ഓഫിസില്‍ നിന്നു ലെറ്റര്‍ഹെഡില്‍ എഴുതി രേഖാമൂലം എത്തിക്കുകയും ചെയ്തതോടെ, കേസെടുക്കേണ്ടതില്ലെന്നു പൊലീസ് തീരുമാനിച്ചു.