കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

single-img
27 October 2017

ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും ടെക്‌നോ സിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.

പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ടെക്‌നോസിറ്റിക്കായി ഭൂമി നല്‍കിയവരുടെ കുടിശിക മാര്‍ച്ച് 31നകം നല്‍കുമെന്നും ടെക്‌നോസിറ്റിയില്‍ ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നും ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് അദ്ദേഹം കേരളത്തില്‍ വരുന്നത്. തിരുവനന്തപുരത്തു പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ പരിപാടി പള്ളിപ്പുറം ടെക്‌നോസിറ്റി ശിലാസ്ഥാപനം നിര്‍വഹിക്കലായിരുന്നു. തുടര്‍ന്നു രാജ്ഭവനിലെത്തിയ രാഷ്ട്രപതി 5.50നു വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

എട്ടു മണിക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുത്തശേഷം അവിടെ തങ്ങും. വെള്ളിയാഴ്ച രാവിലെ 9.45നു പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്കു തിരിക്കും. 11നു കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 12.30നു ഡല്‍ഹിക്കു മടങ്ങും.