കെപിസിസി ഭാരവാഹിപ്പട്ടിക അംഗീകരിക്കരുതെന്ന് കെ.മുരളീധരന്‍; ഹൈക്കമാന്‍ഡിന് കത്തുനല്‍കി

single-img
27 October 2017

കെപിസിസി ഭാരവാഹിപ്പട്ടികയ്‌ക്കെതിരെ കെ.മുരളീധരന്‍ എം.എല്‍.എയും രംഗത്തെത്തി. പട്ടിക അംഗീകരിക്കരുതെന്ന് കെ.മുരളീധരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കമാന്‍ഡിന് കത്തുനല്‍കി. കഴിഞ്ഞ ദിവസം കെപിസിസി മുന്‍പ്രസിഡന്റ് വിഎം സുധീരനും സമാനമായ ആവശ്യം ഉന്നയിച്ച് ഹൈക്കമാന്‍ഡിന് കത്തുനല്‍കിയിരുന്നു.

പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്നും മാറ്റം വരുത്തണമെന്നും പട്ടിക പുറത്ത് വരുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് കൂടുതല്‍ പ്രതിസന്ധിയിലായി.

എ, ഐ ഗ്രൂപ്പുകളുടെ വീതംവെപ്പാണ് ഭാരവാഹിപ്പട്ടിക എന്നതാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്ന നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണം. സങ്കുചിത താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നാണ് സുധീരന്‍ ആരോപിച്ചത്. നിരവധി എംപിമാരും പട്ടികയ്‌ക്കെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടിട്ടുണ്ട്. ഇതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയാണുള്ളത്.

പരസ്യമായ പ്രതികരണത്തിന് കെ.മുരളീധരന്‍ തയ്യാറായില്ലെങ്കിലും പറയാനുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞിട്ടുണ്ടെന്നാണ് കെ.മുരളീധരന്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള പട്ടിക തയ്യറാക്കാന്‍ കൂട്ടായ ചര്‍ച്ച വേണമെന്നും രാഷ്ട്രീയകാര്യ സമിതി വിളിച്ച് ചേര്‍ക്കണമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വൈകിയ വേളയില്‍ ഇതിന് നേതൃത്വം തയ്യാറാവുമോ എന്നാണ് ഉറ്റ് നോക്കുന്നത്.