ഖത്തര്‍ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകില്ല; അമേരിക്ക നടത്തിയ മധ്യസ്ഥ നീക്കം വീണ്ടും പരാജയത്തിലേക്ക്

single-img
27 October 2017

ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം തേടി അമേരിക്ക നടത്തിയ മധ്യസ്ഥ നീക്കം പരാജയമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിന്റെയും മറ്റും അഭ്യര്‍ഥന മാനിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നടത്തിയ ഗള്‍ഫ് പര്യടനവും പരാജയപ്പെട്ടതോടെ മധ്യസ്ഥ നീക്കങ്ങളില്‍ നിന്ന് അമേരിക്ക പൂര്‍ണമായും പിന്‍വാങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

റെക്‌സ് ടില്ലേഴ്‌സണ്‍ സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും അനുരഞ്ജന സാധ്യതകളൊന്നും തെളിഞ്ഞില്ല. ഉപാധികള്‍ സംബന്ധിച്ച് കൃത്യമായ ഉറപ്പ് വേണമെന്ന് സൗദി പക്ഷവും പരമാധികാര നിലപാടിനെ ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്ന് ഖത്തറും വ്യക്തമാക്കുകയായിരുന്നു.

ഇതോടെ നാലര മാസത്തിലേറെയായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനുള്ള ശ്രമം വിഫലമായിരിക്കുകയാണ്. ഉപരോധ സമാനമായ സാഹചര്യം ഇല്ലാതാക്കി ചര്‍ച്ചക്കുള്ള സാഹചര്യം ഒരുക്കണമെന്ന അഭ്യര്‍ഥനയും ബന്ധപ്പെട്ടവര്‍ തള്ളുകയായിരുന്നു.

ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വംശീയ താല്‍പര്യങ്ങളെ ചെറുക്കുന്നതിനു പകരം അവര്‍ക്ക് പിന്തുണ നല്‍കാനാണ് ഖത്തര്‍ തുനിയുന്നതെന്നായിരുന്നു സൗദിയുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ പൗരാവകാശങ്ങളെ പോലും വിലമതിക്കാത്ത നടപടിയാണ് ഉപരോധത്തിലൂടെ രാജ്യത്തിനു മേല്‍ അടിച്ചേല്‍പിക്കുന്നതെന്നായിരുന്നു ഖത്തറിന്റെ മറുപടി.

ഉപരോധത്തെ ചോദ്യം ചെയ്ത് അന്തര്‍ദേശീയ ഏജന്‍സികള്‍ക്കു മേല്‍ സമ്മര്‍ദം കനപ്പിക്കാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് ഖത്തറിനു മേല്‍ വ്യക്തമായ ഉപാധികള്‍ വേണമെന്നാണ് സൗദി അനുകൂല രാജ്യങ്ങളുടെ പുതിയ ആവശ്യം.

ഇതോടെ ഭിന്നതക്ക് കൂടുതല്‍ മാനംകൈവരികയാണ്. പ്രതിസന്ധി തുടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് കുവൈത്ത് അമീറിന്റെ പ്രസ്താവനയെ അമേരിക്കയും ശരിവെച്ചു. എന്നാല്‍ ഇരുപക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നിടത്തോളം മധ്യസ്ഥ നീക്കം കൊണ്ട് കാര്യമില്ലെന്നാണ് യു.എസും കുവൈത്തും വിലയിരുത്തുന്നത്. ഡിസംബറില്‍ കുവൈത്തില്‍ നടക്കേണ്ട ജി.സി.സി ഉച്ചകോടിയും മാറ്റിവെക്കുമെന്നാണ് സൂചന.