തോമസ് ചാണ്ടിയുടെ കായല്‍ഭൂമി കയ്യേറ്റക്കേസ്: എജിയും റവന്യുമന്ത്രിയും പോരില്‍

single-img
27 October 2017

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കായല്‍ഭൂമി കയ്യേറ്റക്കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍(എഎജി) രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതു സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്(എജി) മന്ത്രി കത്ത് നല്‍കി. വിഷയം പൊതുതാല്‍പര്യമാണെന്നും കേസില്‍ ഹാജരാവാന്‍ റവന്യൂ കേസിലെ പരിചയം അത്യാവശ്യമാണെന്നും മന്ത്രി എ.ജിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

എന്നാല്‍ അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി. തനിക്ക് മന്ത്രിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും എ.ജി അറിയിച്ചു.

തോമസ് ചാണ്ടിയുടെ ഉമടസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിനു വേണ്ടി തണ്ണീര്‍ത്തടങ്ങളും വയലും നികത്തിയെന്ന കേസ് പ്രാധാന്യത്തോടെയാണ് റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എഎജി തന്നെ ഹാജരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനാണു ഹാജരായത്. ഇതു താന്‍ അറിഞ്ഞിരുന്നില്ലെന്ന് രഞ്ജിത് തമ്പാന്‍ പരാതിപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കെയാണ് മന്ത്രിയുടെ ഇടപെടല്‍.

റവന്യൂവകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ സാധാരണ എ.എ.ജിയാണ് ഹാജരാകാറുള്ളത്. എന്നാല്‍ ഈ കീഴ്വഴക്കം ലംഘിച്ച് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത് ബോധപൂര്‍വമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഭാഗം നിര്‍ണായകമാണെന്നിരിക്കേ എ.എ.ജിയെ ഒഴിവാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു.