ഉണ്ണിക്കണ്ണനെ കാണാന്‍ ധോണിയുടെ മകള്‍ സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണം

single-img
27 October 2017

അമ്പലപ്പുഴ: ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ മകള്‍ സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. മോഹന്‍ലാലും ജയറാമും അഭിനയിച്ച അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്ന ഗാനം പാടുന്ന സിവയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ഈസാഹചര്യത്തിലാണ് ക്ഷേത്രത്തിലേക്ക് ക്ഷണിക്കുവാന്‍ ഒരുങ്ങുന്നത്. ഗാനാലാപനത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ടും ഉത്സവത്തിലേക്ക് സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് ഇന്നുതന്നെ ധോണിക്ക് അയക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്തുണയോടെയാണ് സിവയെ ക്ഷണിക്കുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം ഉത്സവം ജനുവരി മാസത്തിലാണ് നടക്കുന്നത്. സിവ പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും പ്രശസ്ഥമായ അമ്പലപ്പുഴ പാല്‍പ്പായസം നുകരാനുമുള്ള അവസരം സിവയ്‌ക്കൊരുക്കുകയാണ് അധികൃതര്‍.

ലോകത്തില്‍ തന്നെ പഠിക്കാന്‍ ഏറ്റവും പാടുള്ളതെന്ന കരുതപ്പെടുന്ന മലയാളം ഭാഷയിലുള്ള ഒരുഗാനം മലയാളം അറിയാത്ത സിവ എങ്ങനെ പാടുന്നുവെന്നത് അത്ഭുതമാണ്. ഒരു കൊച്ചുമലയാളി കുട്ടി പാടുന്ന പോലെ ഈസിയായിട്ടായിരുന്നു സിവയുടെ ആലാപനവും.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത ഗാനം 15 മണിക്കൂര്‍ കൊണ്ട് ഒരുലക്ഷത്തിലേറെ പേര്‍ കണ്ടു. യുട്യൂബില്‍ ലക്ഷക്കണക്കിനു പേരാണ് സിവയുടെ ആലാപനം ആസ്വദിച്ചത്.