ബ്ലൂവെയില്‍ ഗെയിം ദേശീയ പ്രശ്‌നമെന്ന് സുപ്രീം കോടതി: ‘ഗെയിമിന്റെ അപകടങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തണം’

single-img
27 October 2017

ബ്ലൂവെയില്‍ ഗെയിം ദേശീയ പ്രശ്‌നമെന്ന് സുപ്രീം കോടതി. ഗെയിമിന്റെ അപകടങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ കേന്ദ്രം അടിയന്തരമായി നടപടിയെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ബ്ലൂവെയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ അഭിഭാഷകന്‍ എന്‍.എസ്. പൊന്നയ്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. രാജ്യത്ത് ബ്ലൂവെയില്‍മൂലം 100 പേര്‍ ആത്മഹത്യ ചെയ്തുവെന്നും പൊന്നയ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അപകടകരമായ ഗെയിമിനെതിരെ ബോധവത്ക്കരണം നടത്താന്‍ പരിപാടികള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്. ജീവന് ഭീഷണിയാവുന്ന എല്ലാം ഒഴിവാക്കേണ്ടത് തന്നെയാണെന്ന നിരീക്ഷണവും കോടതി നടത്തി. പരിപാടി തയ്യാറാക്കാന്‍ ഒരാഴ്ചത്തെ സമയവും കോടതി അനുവദിച്ചു.

10 മിനുട്ടില്‍ കുറയാതെയുള്ള പരിപാടികളാണ് നിര്‍മ്മിക്കേണ്ടത്. ആഭ്യന്തര വകുപ്പ്, വനിതാശിശു ക്ഷേമ വിഭാഗം, മാനവ വിഭവശേഷി വിഭാഗം, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവരുമായി കൂടി ആലോചിച്ചു വേണം സ്‌ക്രിപ്റ്റ് തയ്യാറാക്കാനെന്നും കോടതി നിര്‍ദേശിച്ചു.

കുട്ടികളെയും മാതാപിതാക്കളെയും ഇതിലൂടെ ബോധവത്കരിക്കാനാവണം. മറ്റ് സ്വാകാര്യ ചാനലുകള്‍ക്ക് പരിപാടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ദൂരദര്‍ശന്റെ പ്രൈം ടൈമില്‍ തന്നെ ഈ വീഡിയോ പ്രദര്‍ശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഗെയിമിന്റെ അപകടങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.