മുതിര്‍ന്ന ബിജെപി നേതാവിന്റെ അശ്ലീല വീഡിയോ തന്റെ കൈയിലുണ്ട്; തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍

single-img
27 October 2017

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മന്ത്രിയുടെ അശ്ലീല വീഡിയോ പുറത്തു പോകാതിരിക്കാനുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയുടെ അറസ്റ്റ് എന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ പിടിച്ചുപറി കുറ്റം ചുമത്തി അറസ്റ്റിലായ വിനോദ് വര്‍മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ പല റിപ്പോര്‍ട്ടുകളും സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് ഹിതമായിരുന്നില്ല. അതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കോടതിയിലേക്കു കൊണ്ടു പോകുന്നതിനിടയില്‍ വര്‍മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഡല്‍ഹി ഗാസിയാബാദിലെ സ്വന്തം വീട്ടില്‍ നിന്നും വെള്ളിയാഴ്ച രാവിലെ മൂന്ന് മണിയോടെയാണ് ഭീഷണിപ്പെടുത്തല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ചുമത്തി വിനോദിനെ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ എഡിറ്റേഴ്‌സ് ഗില്‍ഡിലെ അംഗമായ വിനോദ്, മന്ത്രിയുടെ അശ്ലീല സി.ഡി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. എന്നാല്‍ ഈ സി.ഡിയിലെ കൂടുതല്‍ വിവരങ്ങളോ മന്ത്രിയാരാണെന്നോ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.

തന്റെ നേതാവിന്റെ സി.ഡി വിനോദിന്റെ കൈവശമുണ്ടെന്ന ചത്തീസ്ഗഡിലെ ബി.ജെ.പി ഐ.ടി സെല്‍ അംഗമായ പ്രകാശ് ബജാജിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. തുടര്‍ന്ന് ഈ സി.ഡിയുടെ പകര്‍പ്പുകള്‍ എടുത്തുവെന്ന് ആരോപിക്കപ്പെടുന്ന സ്റ്റുഡിയോയില്‍ പൊലീസ് കഴിഞ്ഞ ദിവസം റെയിഡ് നടത്തിയിരുന്നു. ഈ കടയുടമ വിനോദ് വര്‍മയുടെ പേര് പറഞ്ഞതായാണ് പൊലീസ് പറയുന്നത്.

വിനോദ് വര്‍മ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ബി.ജെ.പി ആരോപിച്ചു. അതേസമയം വര്‍മയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ജനാധിപത്യത്തിനെതിരേയുള്ള ആക്രമണമാണിതെന്നു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഭൂപേഷ് വഗേല്‍ പറഞ്ഞു. തങ്ങളുടെ മന്ത്രിയെ സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകനെ കരുവാക്കുകയാണെന്നും ഭൂപേഷ് ആരോപിച്ചു. വിനോദ് വര്‍മയുടെ അറസ്റ്റില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.

ബി.ബി.സി ഹിന്ദി ചാനലിന്റെ മുന്‍ ജീവനക്കാരനായിരുന്ന വിനോദ് അംഗമായ ഇന്ത്യന്‍ എഡിറ്റേഴ്‌സ് ഗില്‍ഡിലെ ഒരു സംഘം കഴിഞ്ഞ വര്‍ഷം ചത്തീസ്ഗഡിലെത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ധൈര്യമായി ജോലി ചെയ്യാനുള്ള സാഹചര്യമില്ലെന്നാണ് സമിതി കണ്ടെത്തിയത്.