വിവാദങ്ങൾ വഴിതിരിച്ചു വിടാൻ യോഗിയുടെ പുതിയ തന്ത്രം; താജ്മഹലിന് ചുറ്റും സ്വച്ഛ്ഭാരത്

single-img
26 October 2017

ആഗ്ര: ബി.ജെ.പി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ കത്തി നില്‍ക്കവെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചു. ഖേരിയ വിമാനത്താവളത്തിലിറങ്ങിയ യോഗി, നംഗ്ല പൈമ ഗ്രാമവും റബ്ബര്‍ ചെക്ക് ഡാമും സന്ദര്‍ശിച്ചു. തുടര്‍ന്ന് താജ് മഹലിലെത്തിയ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 500 ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറന്‍ ഗേറ്റിന് മുന്നില്‍ വൃത്തിയാക്കി.

യോഗിക്കും പ്രവര്‍ത്തകര്‍ക്കും ശുചീകരണം നടത്താന്‍ വേണ്ടി കുറച്ചു സ്ഥലം വൃത്തിയാക്കാതെ ഒഴിച്ചിടുകയായിരുന്നു അധികൃതര്‍. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി താജ് മഹലിലെ മറ്റിടങ്ങളെല്ലാം വൃത്തിയാക്കിയിരുന്നു. ശുചീകരണത്തിനു ശേഷം അദ്ദേഹം താജ് മഹലിനുള്ളില്‍ കയറി. അരമണിക്കൂറോളം അദ്ദേഹം താജ്മഹലില്‍ ചെലവഴിക്കുമെന്നാണ് കരുതുന്നത്.

താജ്മഹലില്‍ നിന്ന് ആഗ്ര കോട്ടയിലേക്കുള്ള വിനോദ സഞ്ചാര പാതയുടെ തറക്കല്ലിടും. ആഗ്രയില്‍ വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും യോഗി ആദിത്യനാഥ് തുടക്കമിടും.
താജ്മഹലിനെക്കുറിച്ചുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെയും എം.പി വിനയ് കത്യാറിന്റെയും വിവാദ പരമാര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് യോഗി ആദിത്യനാഥിന്റെ താജ്മഹല്‍ സന്ദര്‍ശനം. താജ്മഹലിനെതിരായ ബി.ജെ.പി നേതാക്കളുടെ വിവാദപ്രസ്താവനകള്‍ കടുത്ത വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

നേതാക്കളുടെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം കൈകഴുകിയെങ്കിലും വിവാദം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. താജ് നഗരത്തില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വികസന പദ്ധതികള്‍ക്കായി 370 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കുമെന്ന് യോഗി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം കൈപ്പുസ്തകത്തില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതിനു പിന്നാലെയാണ് ബിജെപി നേതാക്കളും വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയത്. അതേസമയം, താജ്മഹലിന് മുന്നില്‍ നിന്നുള്ള യോഗി ആദിത്യനാഥിന്റെ ഫോട്ടോക്കായി കാത്തിരിക്കുന്നുവെന്ന് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പരിഹസിച്ചു.