വിവാദങ്ങള്‍ക്കിടെ യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചു; യോഗി താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രി

single-img
26 October 2017

ലക്നൗ: വിവാദങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിച്ചു. അദ്ദേഹം ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസിന്റെയും ശവകുടീരങ്ങളും സന്ദര്‍ശിച്ചു. താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

ആഗ്രയിലെ വിനോദസഞ്ചാര പദ്ധതികളെ സംബന്ധിച്ച് വിലയിരുത്താനാണ് യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിവരം. 370 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. താജ്മഹലിനെ കുറിച്ച് ബിജെപി നേതാക്കളും, മന്ത്രിമാരുമടക്കം വിവാദ പ്രസ്തവാനകള്‍ നടത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം.

കഴിഞ്ഞ മാസം യുപി സര്‍ക്കാര്‍ പുറത്തിറക്കിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയതായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. ശിവ ക്ഷേത്രം തകര്‍ത്തിട്ടാണു ഷാജഹാന്‍ താജ്മഹല്‍ ഉണ്ടാക്കിയെന്നുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയാണ് വിവാദമായത്.

താജ്മഹലിന് ഇന്ത്യയുടെ ചരിത്രത്തില്‍ യാതൊരു സ്ഥാനവുമില്ലെന്നും സ്വന്തം പിതാവിനെ തുറുങ്കിലടച്ചയാളാണ് ഷാജഹാന്‍ ചക്രവര്‍ത്തിയെന്ന തരത്തിലുള്ള പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ബിജെപിയുടെ യുവ എംഎല്‍എ സംഗീത് സോമും രംഗത്തെത്തിയിരുന്നു. താജ് മഹല്‍ ഒരു ഖബറിടമാണെന്നും അതുകൊണ്ട് താജ് മഹലിന്റെ രൂപങ്ങള്‍ വീടുകളില്‍ സൂക്ഷിക്കരുതെന്നുമുള്ള വാദവുമായി ബിജെപിയുടെ ഹരിയാനയിലെ ആരോഗ്യ മന്ത്രി അനില്‍ വിജുവും രംഗത്തെത്തിയിരുന്നു.