എച്ച് വണ്‍-ബി വിസാ ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക

single-img
26 October 2017

വാഷിങ്ടണ്‍: എച്ച്-1 ബി, എല്‍ 1 പോലുള്ള താത്ക്കാലിക വിസകള്‍ പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ അമേരിക്ക കര്‍ശനമാക്കി. യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) ആണ് 13 വര്‍ഷത്തെ അമേരിക്കന്‍ വിസാ നയം തിരുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇനിമുതല്‍ വിസ പുതുക്കുന്ന സമയത്ത് അര്‍ഹത തെളിയിക്കേണ്ട ഉത്തരവാദിത്വം അപേക്ഷിക്കുന്ന കമ്പനികളുടേതായിരിക്കും. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐ.ടി. ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇത്തരം താത്കാലിക വിസകളാണ്. ഇത്തരം വിസകള്‍ക്കുള്ള ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നതില്‍ ഇന്ത്യയുടെ ഉത്കണ്ഠ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചു.

പഴയ ചട്ടങ്ങള്‍ പ്രകാരം തൊഴില്‍ വിസയ്ക്ക് അര്‍ഹതനേടുന്ന വ്യക്തിയെ വിസ നീട്ടി നല്‍കുന്നതിനും അര്‍ഹരായാണ് കണക്കാക്കുക. ഇനിമുതല്‍ വിസ നീട്ടാനപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ വിസയ്ക്ക് ഇപ്പോഴും അര്‍ഹരാണെന്ന് ഇവരെ പ്രതിനിധാനം ചെയ്യുന്ന കമ്പനികള്‍ ഫെഡറല്‍ അധികൃതര്‍ക്ക് മുമ്പില്‍ തെളിയിക്കണം.

ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമല്ല, നിലവില്‍ വിസയുള്ളവര്‍ക്കും ബാധകമാകുമെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വില്യം സ്റ്റോക്ക് പറഞ്ഞു.